ശബരിമല തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നകാര്യത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരാജയപ്പെട്ടെന്ന് യു.ഡി.എഫ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നകാര്യത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പരാജയപ്പെട്ടെന്ന് യു.ഡി.എഫ്. യുഡിഎഫ് നിര്‍ദ്ദേശപ്രകാരം എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, വി.എസ്.ശിവകുമാര്‍, ഡോ.എന്‍.ജയരാജ്, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം സ്ഥിതിഗതികള്‍ മെച്ചമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് ഒരു സീസണില്‍ ശബരിമലയില്‍ എത്തിച്ചേരുന്നത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇവരുടെ ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.
ബേസ് ക്യാമ്പ് ആയി നിശ്ചയിച്ചിട്ടുള്ള നിലയ്ക്കലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഏകദേശം പതിനായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്നു. നിലയ്ക്കലില്‍ ഇപ്പോള്‍ 25,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും നടന്നിട്ടില്ല. ആയിരം വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തിയെന്നാണ് ദേവസ്വം മന്ത്രി നിയമസഭയില്‍ അറിയിച്ചിട്ടുള്ളത്. അതും ആയിട്ടില്ല. 30,000 പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമൊരുക്കുമെന്ന് പറഞ്ഞെങ്കിലും അതുമായില്ല. കുടിവെള്ള വിതരണത്തിന് സീതത്തോട്ടില്‍ നിന്നും പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ജലമെത്തിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. ജെ.സി.ബി. ഉപയോഗിച്ച് മണ്ണു നിരത്തുന്ന പ്രവര്‍ത്തനങ്ങളല്ലാതെ കാര്യക്ഷമമായ പ്രവര്‍ത്തങ്ങള്‍ ഒന്നുംതന്നെ നടക്കുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞില്ല.
മഹാപ്രളയത്തിനുശേഷം പമ്പ അതേനിലയില്‍ തന്നെ ഇപ്പോഴും തുടരുകയാണ്. മുന്നൊരുക്കങ്ങളുടെ വലിയ അപര്യാപ്തതയുടെ നടുവിലാണ് പമ്പ ഇന്ന്. മാലിന്യം നിറഞ്ഞു പമ്പ ഒരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ യാതൊരു സൗകര്യവും പമ്പയില്‍ ഇന്നില്ല. വിരിവയ്ക്കാന്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. ബലിതര്‍പ്പണവും, പമ്പാ സ്‌നാനവും ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ പമ്പ എന്നും ഒരു ബേസ് ക്യാമ്പ് തന്നെയാണ്. വിരിവയ്ക്കാനുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അതിനാല്‍ പമ്പയില്‍ ഏര്‍പ്പെടുത്തണം. 400 ശുചിമുറികള്‍ മാത്രമാണ് ഇവിടെ ഇപ്പോഴുള്ളത്.
പ്രളയത്തില്‍ ഒലിച്ചുപോയ പമ്പാ രാമമൂര്‍ത്തി മണ്ഡപത്തിന് പകരം യാതൊരു സംവിധാനം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. വൃത്തിഹീനമായ ശൗചാലയങ്ങള്‍ ആണ് പമ്പയില്‍. അതിനകത്ത് മനുഷ്യന് കയറുവാന്‍ പോലും കഴിയില്ല. ശൗചാലയങ്ങളില്‍ കയറാന്‍ കഴിയാത്തവിധം മുന്നില്‍ വെള്ളം കെട്ടിക്കിടക്കുന്നു. നിലയ്ക്കലില്‍നിന്നും പമ്പയിലേയ്ക്ക് വാഹനങ്ങള്‍ കടത്തിവിടണം. വളരെ ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്ക് വാഹനം മാറി കയറേണ്ടിവരുക വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്. വാഹനങ്ങള്‍ കടത്തിവിടാതിരുന്ന ചിങ്ങം, കന്നി മാസങ്ങളിലെ നടവരവ് മൂന്ന് കോടി രൂപ മാത്രമായിരുന്നത് പമ്പയിലേയ്ക്ക് വാഹനം കടത്തിവിട്ടപ്പോള്‍ തുലാംമാസത്തെ ശബരിമല നടവരവ് എട്ടുകോടി രൂപയായി ഉയര്‍ന്നു. വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണം. അതോടൊപ്പം വരുമാന വര്‍ദ്ധനവും ഉണ്ടാകുന്നു.
ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന, ഹില്‍ടോപ്പ് ഇന്ന് തകര്‍ന്നു കിടക്കുന്നു. 3000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. സംരക്ഷണഭിത്തി നിര്‍മ്മിച്ച് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണം. സന്നിധാനത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യമൊരുക്കണം. സാമ്പത്തിക പ്രതിസന്ധിമൂലം ഈ വര്‍ഷം പുതിയ പദ്ധതികളൊന്നും ഏറ്റെടുത്തിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി നല്‍കണം . കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി അശാസ്ത്രീയമാണ്. മുഖ്യമന്ത്രി തന്നെ യോഗം വിളിച്ച് സമഗ്രമായ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം.
ബഡ്ജറ്റില്‍ തിരുപ്പതി മോഡല്‍ സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴനനയാതെ നില്‍ക്കാനുള്ള സൗകര്യംപോലും ഇന്ന് അവിടെയില്ല. കിഫ്ബിയില്‍ നിന്നും 141.75 കോടി രൂപ അനുവദിച്ചുവെങ്കിലും ഒരു പദ്ധതി പോലും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. സമയബന്ധിതമായി കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടിയുണ്ടാകണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി മാത്രം ഒരു കമ്മീഷണറെ നിയമിക്കണം. നിലവിലെ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് ദേവസ്വം അഡീഷണല്‍ സെക്രട്ടറി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഗുരുവായൂര്‍ ദേവസ്വം, കൂടല്‍മാണിക്യം ദേവസ്വം ശബരിമല മാസ്റ്റര്‍പ്ലാന്‍, വഖഫ് ബോര്‍ഡ് എന്നിവയുടെ ചുമതലകളുണ്ട്. ഈ സാഹചര്യത്തില്‍, മുകളില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ അങ്ങയുടെ അടിയന്തര നടപടിയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha

























