ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: ബാലാവകാശ കമ്മീഷന് കേസെടുത്തു

സുല്‍ത്താന്‍ ബത്തേരിയിൽ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കുട്ടിയുടെ ചികിത്സയില്‍ വീഴ്ച വന്നതിലും എന്തുകൊണ്ട് ആന്റിവെനം നല്‍കിയില്ലെന്നതിലും അന്വേഷണം തുടങ്ങി.
ജില്ലാ ഡെപ്യൂട്ടി ഡിഎംഒയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉത്തരവിട്ടു. സ്കൂളുകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.
സംഭവത്തില്‍ സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ ആരോപണവിധേയനായ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു.
പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് കഴിഞ്ഞ ദിവസം ക്ലാസ്മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായില്ല. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്‌ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. കടുത്ത അമര്‍ഷത്തോടെയും വികാരനിര്‍ഭരവുമായിട്ടാണ് കുട്ടികള്‍ പ്രതികരിച്ചത്.
ക്ലാസില്‍ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ല. സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളാണ് ഉള്ളത്. ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ പാടില്ല. അതേ സമയം അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചെന്നും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ. ജാക്സൺ തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























