വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം സി.പി.എം തുടങ്ങിയതായി സൂചന, തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റി വരയ്ക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ പാര്‍ട്ടിയുമായി അടുത്തബന്ധമുള്ളവരാണെന്ന് ആക്ഷേപം

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കം സി.പി.എം തുടങ്ങിയതായി സൂചന. തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റി വരയ്ക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ പാര്‍ട്ടിയുമായി അടുത്തബന്ധമുള്ളവരാണെന്ന് ആക്ഷേപം. അടുത്തമാസം ഇതിന്റെ നടപടികള്‍ ആരംഭിക്കും. കമ്മീഷനില്‍ സര്‍ക്കാരിന് ഏറെ അടുക്കമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തന്നെ കാര്യങ്ങള്‍ സി.പി.എമ്മിനും ഇടത് മുന്നണിക്കും അനുകൂലമാക്കാനാണ്. വാര്‍ഡികളുടെ അതിര്‍ത്തിയില്‍ വരുന്ന റോഡ്, കനാല്‍, കായല്‍, കലുങ്ക് തുടങ്ങിയവയാണ്. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമുള്ള പ്രദേശത്തെ ഉള്‍പ്പെടുത്തിയും അല്ലാത്ത പ്രദേശങ്ങളെ ഒഴിവാക്കിയുമാണ് പുനര്‍ണയിക്കുക.
പുനര്‍നിര്‍ണയത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ജില്ലാ കളക്ടര്‍മാരെയാണ് സമീപിക്കേണ്ടത്. എന്നാല്‍ പരാതി നല്‍കിയാല്‍ പലപ്പോഴും അനുകൂല നടപടികള്‍ ഉണ്ടാകാറില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. 2011ലെ സെന്‍സസ് അനുസരിച്ചാണ് വാര്‍ഡുകള്‍ രൂപീകരിക്കുന്നത്. എന്നാലതില്‍ പല തിരിമറികളും നടത്താനാകും. 2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ചപ്പോഴും വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ ഏറെ അപാകതകള്‍ ഉണ്ടെന്ന് എല്‍.ഡി.എഫ് ആരോപിച്ചിരുന്നു. ഓരോ വാര്‍ഡിന്റെയും അതിര്‍ത്തി തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് യു.ഡി.എഫ് നിര്‍ണയിച്ചതിനാല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് സി.പി.എം പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ട സാഹചര്യവുമാണുള്ളതെന്നായിരുന്നു പ്രധാന ആക്ഷേപം.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്നും കോണ്‍ഗ്രസിലെ ചിലര്‍ക്ക് ജയിക്കാന്‍ വേണ്ടി നടത്തിയ നീക്കമാണെന്നും സി.പി.എം പ്രാദേശിക ഘടകം ആരോപിച്ചിരുന്നു. സെന്‍സസ് അനുസരിച്ച് 27173 വോട്ടര്‍മാരാണ് പഞ്ചായത്തില്‍ അന്ന് ഉണ്ടായിരുന്നത്. അതയും വോട്ടര്‍മാരെ 19 വാര്‍ഡുകളിലായി വിഭജിച്ചാല്‍ 1430 വോട്ടര്‍മാര്‍ ഒരു വാര്‍ഡിലുണ്ടാകും. 1000 വോട്ടര്‍ക്ക് ഒരു വാര്‍ഡ് എന്ന രീതിയിലും വാര്‍ഡുകള്‍ പുനഃക്രമീകരിക്കാമെന്നിരിക്കെ, അതിനെ അട്ടിമറിച്ച് വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണയം നടത്തിയെന്നായിരുന്നു ആക്ഷേപം. ഇത്തരത്തിലുള്ള ആക്ഷേപം വരുന്ന വാര്‍ഡ് പുനര്‍നിണയത്തിലും ഉണ്ടാകാനാണ് സാധ്യത.
വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ച ശേഷമേ വനിതാ, പട്ടികജാതി, പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കൂ. പുതുതായി 28 നഗരസഭകള്‍ രൂപീകരിച്ചിട്ടുണ്ട്. അതിനായി ആറ് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും മാറ്റംവരുത്തി. ഇവിടങ്ങളില്‍ 2001ലെ സെന്‍സസ് അനുസരിച്ചാണ് വാര്‍ഡുകള്‍ രൂപീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ജനസംഖ്യ കൂടിയതിന്റെ അടിസ്ഥാനത്തിലാകും വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റിവരയ്ക്കുക. വരുന്ന ഒക്ടോബറിലാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha























