' എന്റെ അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്ക് അറിയില്ല. അപ്പോള്‍ ഈ നാട്ടിലെ ഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ കാര്യം പറയണോ?' ദേശീയ ജനസംഖ്യാ കണക്കെടുപ്പിനെതിരെ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി രംഗത്ത്

' എന്റെ അച്ഛന്റെയും അമ്മയുടെയും ജനന തീയതി എനിക്ക് അറിയില്ല. അപ്പോള്‍ ഈ നാട്ടിലെ ഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ കാര്യം പറയണോ?' ദേശീയ ജനസംഖ്യാ കണക്കെടുപ്പിനെതിരെ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയും രംഗത്ത്. അച്ഛന്‍ എവിടെ ജനിച്ചു, അമ്മ എവിടെ ജനിച്ചു, എന്നു ജനിച്ചു തുടങ്ങിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉള്ളത്. കോണ്‍ഗ്രസ് യു.പി.എ ഭരണകാലത്ത് നടപ്പാക്കിയ എന്‍പിആറില്‍ മതത്തെക്കുറിച്ച് ചോദ്യമില്ല. അത് മറച്ചുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
മാതാപിതാക്കള്‍ എവിടെ ജനിച്ചു, എന്ന് ജനിച്ചു തുടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്നാണ് എന്‍.പി.ആറില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് ഒരുകാലത്തും പൗരത്വത്തിന്റെ അടിസ്ഥാനമായി മത്തതെ കണ്ടിട്ടില്ല. രാജ്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നതാണ് ദേശീയപരത്വനിയമ ഭേദഗതി. പൗരത്വത്തിന് മതം അടിസ്ഥാനമാക്കിയാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. കോണ്‍ഗ്രസ് ഒരുകാലത്തും ഇത് അനുകൂലിക്കില്ല. അതിനാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കാന്‍ അനുവദിക്കുകയില്ല. നിയമത്തിനെതിരെ സമരം നടക്കുമ്പോള്‍ കെ.പി.സി.സിയില്‍ അഭിപ്രായഭിന്നതയുണ്ടല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സംസ്ഥാന തല സമരങ്ങള്‍ തീരുമാനിക്കുന്നത് പി.സി.സി നേതൃത്വങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വത്തിന് മതം ഘടകമാകുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന എതിര്‍പ്പ്. മഹാത്മാഗാന്ധിയും രാജീവ് ഗാന്ധിയും മന്‍മോഹന്‍സിംഗും അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിച്ച മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നല്‍കരുതെന്ന് അവരാരും പറഞ്ഞിട്ടില്ലെന്നും എ.കെ ആന്റണി ചൂണ്ടിക്കാട്ടി. പൗരത്വ രജിസ്റ്ററും പൗരത്വനിയമഭേദഗതിയും വിവാദമായപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി അമിത്ഷായും ശ്രമിക്കുന്നത്. അതൊന്നും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. യു.പി.എയുടെ കാലത്ത് ജനസംഖ്യാ രജിസ്റ്റര്‍ നടത്തിയിട്ടുണ്ടെങ്കിലും അത് ഇന്ത്യയില്‍ ജനിച്ചവര്‍ക്ക് പൗരത്വം നഷ്ടപ്പെടാത്ത രീതിയിലും മതത്തിന്റെ അടിസ്ഥാനത്തിലും ആയിരുന്നില്ല.
വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന വിദേശപൗരന്‍മാരെ പാര്‍പ്പിക്കാന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കേന്ദ്രങ്ങളെ തടവ് കേന്ദ്രങ്ങളാക്കി ബി.ജെ.പി നേതാക്കള്‍ വ്യാഖ്യാനിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. രാജ്യത്തെല്ലായിടത്തും നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ അതിനൊപ്പം നിന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. അതിന്റെ ഭാഗമായാണ് കേരളത്തില്‍ ശനിയാഴ്ച നടന്ന , ഭരണഘടനയെ സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന പരിപാടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എത്തി ഉദ്ഘാടനം ചെയ്തത്. ദേശീയശ്രദ്ധ കിട്ടുന്നതിനാണ് ചിദംബരത്തെ എത്തിച്ചതെന്ന് വ്യക്തം.
https://www.facebook.com/Malayalivartha























