അനധികൃത പാര്‍ക്കിംഗ് മൂലം കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുന്നു

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ പെരുവംമുഴി മുതല്‍ കടാതിവരെയുള്ള റോഡിന്റെ ഇരു വശങ്ങളിലുമായി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കുചെയ്യുന്നതുമൂലം അപകടങ്ങളും, അപകടമരണങ്ങളും തുടര്‍ക്കഥയാവുകയാണ്.
ഒട്ടുമിക്ക അപകടങ്ങളുമുണ്ടാകുന്നത് അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ വെട്ടിച്ച് മാറ്റുന്നതിനിടയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ തട്ടുന്നതിനാലാണ്. വളവുകളിലും മറ്റും രാത്രിയില്‍ അശ്രദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ മരിക്കുകയും പലരും ഗുരുതര പരിക്കേറ്റ് ചികിത്സയിലുമാണ്.
അധികൃതര്‍ അമിത വേഗത നിയന്ത്രിക്കാനോ അനധികൃത പാര്‍ക്കിംഗ് തടയാനോ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം പോലീസും മോട്ടോര്‍ വാഹന വകുപ്പും വാഹനപരിശോധന കര്‍ശനമാക്കുമെങ്കിലും പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ പഴയപടിയാകും.
കഴിഞ്ഞ ദിവസം രാത്രിയില്‍ കരോട്ടോ വാളകത്ത് റോഡരുകില്‍ പാര്‍ക്കുചെയ്തിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചിരുന്നു. അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























