സംസ്ഥാനത്തെ എട്ടു പ്രധാന നദികളില്‍ നിന്ന് മണല്‍ വാരാന്‍ സര്‍ക്കാര്‍ അനുമതി... പ്രളയാനന്തരം അടിഞ്ഞു കൂടിയ മണലും മറ്റ് മാലിന്യങ്ങളും നീക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്

സംസ്ഥാനത്തെ എട്ടു പ്രധാന നദികളില്‍ നിന്ന് മണല്‍ വാരാന്‍ സര്‍ക്കാര്‍ അനുമതി. പ്രളയാനന്തരം അടിഞ്ഞു കൂടിയ മണലും മറ്റ് മാലിന്യങ്ങളും നീക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രളയ ശേഷം എട്ടു പ്രധാന നദികളില്‍ 22.67ലക്ഷം ക്യുബിക് മണല്‍ അടിഞ്ഞു കൂടിയെന്നാണ് കണ്ടെത്തല്‍. ഇതില്‍ 7.56ലക്ഷം ക്യുബിക് മണല്‍ അടിയന്തരമായി വാരാനുള്ള മാര്‍ഗരേഖ റവന്യു വകുപ്പ് തയ്യാറാക്കി. അടുത്തമഴക്കാലത്തിനു മുമ്ബ് നദികളില്‍ നിന്ന് മണലും മാലിന്യങ്ങളും നീക്കം ചെയ്യുകയാണ് ലക്ഷ്യം. ചീഫ് സെക്രട്ടറി അധ്യക്ഷനും വിവിധ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ചാണ് അനുമതി നല്‍കിയത്. കടലുണ്ടി, ചാലിയാര്‍, വളപട്ടണം, ഷിറിയ, പെരിയാര്‍, മൂവാറ്റുപുഴ, പമ്ബ, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ നിന്നാണ് മണല്‍ വാരാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.
പാരിസ്ഥിതികാനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തില്‍ ഇളവനുവദിക്കും. ദുരന്തനിവാരണ നിയമങ്ങളനുസരിച്ചുള്ള സംരക്ഷണവും ഒരുക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ മഴക്കാലത്തിന് മുമ്പും പിമ്പും നടത്തുന്ന മണല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് നദികളില്‍ അടിഞ്ഞ മണലിന്റെ അളവും വാരിമാറ്റാവുന്ന തോതും തിട്ടപ്പെടുത്തുന്നത്. എന്നാല്‍, പ്രളയ പശ്ചാത്തലത്തില്‍ അടിഞ്ഞു കൂടിയ മണലിന്റെ മൂന്നിലൊന്നും വാരി മാറ്റണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ നിര്‍ദേശം. ദുരന്തനിവാരണ നിയമങ്ങള്‍കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മണല്‍ വാരുന്നതിനായി ചില നിര്‍ദ്ദേശങ്ങളുണ്ട്. വേനല്‍ക്കാലത്തെ ജലനിരപ്പിന് താഴേക്ക് മണല്‍ വാരല്‍ പാടില്ല. യന്ത്രം ഉപയോഗിക്കരുത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കളക്ടര്‍ തുടങ്ങിയവരുടെ നിയന്ത്രണം ഉറപ്പാക്കണം.തീരത്തോടടുത്ത് മണല്‍വാരല്‍ അനുവദിക്കില്ല. തീരത്തുനിന്ന് മൂന്നുമീറ്ററോ നദിയുടെ വീതിയുടെ പത്തുശതമാനമോ ഏതാണോ കുറവ് അത്രയും സ്ഥലം ഒഴിവാക്കണം.
പാലങ്ങളില്‍ നിന്നും മറ്റ് നിര്‍മാണങ്ങളില്‍ നിന്നും 500 മീറ്റര്‍ മാറിവേണം ഖനനം. നദീജലം ഉപ്പുവെള്ളവുമായി കലരുന്നിടത്ത് അനുമതി നല്‍കില്ല.
"
https://www.facebook.com/Malayalivartha























