ഇവിടെ ഇനി കൃത്രിമ പാഡ് ഇല്ല '; മുഹമ്മ' മുന്നോട്ടു വെയ്ക്കുന്നതെന്ത്? ഇന്ത്യയിലെ ആദ്യത്തെ 'കൃത്രിമ പാഡ് ഫ്രീ ' പഞ്ചായത്തായി മുഹമ്മ; ലക്ഷ്യം പാഡ് മാലിന്യങ്ങള്‍ കുറയ്ക്കല്‍; ആര്‍ത്തവകാലത്തെ പാഡ് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് വീണ്ടും ഉപയോഗിക്കാവുന്ന തുണികളില്‍ നിര്‍മിതമായ പാഡുകളും മെന്‍സ്ട്ര്വല്‍ കപ്പുകളും പഞ്ചായത്തില്‍ നടപ്പാക്കുന്നത്

ഇന്ത്യയിലെ ആദ്യത്തെ ‘കൃത്രിമ പാഡ് ഫ്രീ’ ഗ്രാമപഞ്ചായത്തായി മാറാനൊരുങ്ങി ആലപ്പുഴയിലെ മുഹമ്മ. പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് തുണികൊണ്ട് നിര്‍മിച്ച പാഡുകളും മെന്‍സ്ട്ര്വല്‍ കപ്പുകളും വിതരണം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം തന്നെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് പാഡ് മാലിന്യം. ഈ സാഹചര്യത്തിൽ പുതിയ ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുഹമ്മ പഞ്ചായത്ത്.
ആര്‍ത്തവകാലത്തെ പാഡ് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് വീണ്ടും ഉപയോഗിക്കാവുന്ന തുണികളില്‍ നിര്‍മിതമായ പാഡുകളും മെന്‍സ്ട്ര്വല്‍ കപ്പുകളും പഞ്ചായത്തില്‍ നടപ്പാക്കുന്നത്.
ആര്‍ത്തവകാലത്ത് ഉപയോഗിച്ച് വലിച്ചെറിയുന്ന പാഡുകള്‍ മണ്ണിനും വെള്ളത്തിനും ദോഷമായി ബാധിച്ചു തുടങ്ങിയ സന്ദര്‍ഭത്തിലാണ് ബദല്‍ പദ്ധതിയുമയി രംഗത്തെത്താന്‍ പഞ്ചായത്ത് തീരുമാനിച്ചത്.
നിലവില്‍ ഇന്ത്യയില്‍ ഒരു ലക്ഷം ടണ്ണില്‍ പരം സാനിട്ടറി പാഡ് മാലിന്യങ്ങള്‍ ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ സ്ത്രീകളില്‍ 20 ശതമാനം മാത്രം സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഇത്രയധികം മാലിന്യങ്ങള്‍ ഈ വിഭാഗത്തില്‍ പ്രകൃതിയിലേക്ക് എത്തുന്നത്. അതായത് ഭാവിയില്‍ പാഡ് ഉപയോഗം കൂടുന്നതനുസരിച്ച് മാലിന്യത്തിന്റെ അളവും യഥാക്രമം വര്‍ധിക്കും.
സാധാരണഗതിയില്‍ ഒരു ലക്ഷത്തിലേറെ പാഡ് മാലിന്യങ്ങളാണ് പഞ്ചായത്തില്‍ നിന്നും ഒരു മാസത്തില്‍ ശേഖരിക്കപ്പെടുന്നത്. അത് വലിയ രീതിയില്‍ പരിസരമലിനീകരണത്തിന് കാരണമാകാനും തുടങ്ങിയിരുന്നു.
ആര്‍ത്തവത്തിന്റെയും ആര്‍ത്തവശുചിത്വത്തിന്റെയും അതേ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് സാനിറ്ററി നാപ്കിനുകളും ടാമ്പണുകളും ഉള്‍പ്പെടുന്ന സാനിറ്ററി വേസ്റ്റുകളുടെ സംസ്‌കരണം.സ്ത്രീകളുടെയും പരിസ്ഥിതിയുടെയും ശരീര സുരക്ഷയെ ബാധിക്കുന്നതാണ് ഓരോ ദിവസവും കുമിഞ്ഞുകൂടുന്ന സാനിറ്ററി മാലിന്യങ്ങളുടെ കൂമ്പാരം.
ഉപയോഗശേഷം സാനിറ്ററി പാഡുകള്‍ അശാസ്ത്രീയമായ രീതിയില്‍ കത്തിച്ചു കളയുന്നത് വായു മലിനീകരണത്തിന് കാരണമാകും. അപൂര്‍ണദഹനത്തിന് വിധേയമാകുന്ന സാനിറ്ററി നാപ്കിനുകളില്‍ നിന്നും കാര്‍ബണ്‍ മോണോസൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ്, പൊടിപടലങ്ങള്‍ എന്നിവ അന്തരീക്ഷത്തിലെത്തും.
ഇത്തരം സാഹചര്യത്തിലാണ് പുതിയ പരീക്ഷണ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് എത്തിയിരിക്കുന്നത്
പദ്ധതിയുടെ ഭാഗമായി തുടക്കത്തില്‍ നാല് തുണികൊണ്ടുള്ള പാഡുകളും ഒരു മെന്‍സ്ട്ര്വല്‍ കപ്പുമാണ് എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യുന്നത്.
മെന്‍സ്ട്ര്വല്‍ കപ്പുകള്‍ അഞ്ചു വര്‍ഷം വരെ ഈടു നില്‍ക്കുന്നവയാണ്. അതായത് ഒരു കപ്പ് 750 നാപ്കിനുകള്‍ക്ക് പകരമായി ഉപയോഗിക്കാം. തുണികൊണ്ടുള്ള പാഡുകള്‍ 3-4 വര്‍ഷം വരെ ഉപയോഗിക്കാം. മറ്റു പാഡുകളെ അപേക്ഷിച്ച് ആരോഗ്യ പ്രശ്‌നങ്ങളും കുറവാണ്.
https://www.facebook.com/Malayalivartha























