അപകടം പുനഃസൃഷ്ടിച്ചു തെളിവെടുപ്പ് നടത്തി, ബസിന്റെ ഡോര്‍ തട്ടി ബാലനു പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ മൊഴി എടുത്തു!

സ്വകാര്യബസിന്റെ ഡ്രൈവറുടെ വശത്തെ വാതില്‍, ഓടിക്കൊണ്ടിരിക്കവേ സമീപത്തു കൂടി പോകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ 12-കാരനായ ആകാശിന്റെ തലയില്‍ തട്ടി തലയ്ക്കു ഗുരുതര പരിക്കേറ്റ സംഭവത്തില്‍, അപകടമുണ്ടായ സന്ദര്‍ഭം പുനഃസൃഷ്ടിച്ച് തെളിവെടുപ്പ് നടത്തി.
പരിക്കേറ്റ കുട്ടിയുടെ അതേ വയസും ഉയരവുമുള്ള മറ്റൊരു കുട്ടിയെ അപകടം പറ്റിയ സ്‌കൂട്ടറില്‍ രണ്ടുപേരുടെ നടുവില്‍ ഇരുത്തിയശേഷം അപകടമുണ്ടാക്കിയ ബസിന്റെ വാതില്‍ പതുക്കെ തുറന്നായിരുന്നു തെളിവെടുപ്പ്. ബസിന്റെ ഡോര്‍ ഇളകി വീഴുകയായിരുന്നെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഡോര്‍ അബദ്ധത്തില്‍ തുറന്നു പോകുകയായിരുന്നു എന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഇതില്‍ വ്യക്തത വരുത്താനാണ് അപകടം പുനഃസൃഷ്ടിച്ചത്.
തൃക്കാക്കര നഗരസഭ ഓഫീസിനു മുന്നിലായിരുന്നു കഴിഞ്ഞ 23-ന് അപകടം നടന്നത്. കാക്കനാട് തൂതിയൂര്‍ കണ്ണിച്ചിറ പ്രകാശന്റെ മകന്‍ ആകാശിനാണ് ഗുരുതര പരിക്കേറ്റത്. സ്‌കൂട്ടറില്‍ അമ്മാവന്റേയും അമ്മായിയുടെയും നടുവിലിരുന്നു യാത്ര ചെയ്യുമ്പോള്‍ കാക്കനാട്-പെരുമ്പടപ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡോര്‍ ആകാശിന്റെ തലയില്‍ തട്ടുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ കുട്ടി വെന്റിലേറ്ററിലാണുള്ളത്.
ഡ്രൈവറുടെ അശ്രദ്ധ മൂലം ഡോറിന്റെ ലോക്ക് കൃത്യമായി വീഴാത്തതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അപകടസമയത്തു പുറകില്‍ വരികയായിരുന്ന മറ്റൊരു കാര്‍ ഡ്രൈവറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
ആര്‍ടിഒ കെ. മനോജ് കുമാറിന്റെ നിര്‍ദേശപ്രകാരം പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായാണ് തെളിവെടുപ്പ് നടത്തിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ ബസ് ഉടമക്കെതിരേ കേസെടുത്ത തൃക്കാക്കര പോലീസ് ഡ്രൈവര്‍ പള്ളുരുത്തി സ്വദേശി ശരത്തിനെ (30) അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഡ്രൈവറോടു ജനുവരി മൂന്നിന് ആര്‍ടിഒ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























