പിതാവിനെ കൊന്നു ആറ്റിൽ തള്ളി; സഹായിച്ച സുഹൃത്തിനെയും കാലപുരിയിലേക്കയച്ചു; വർഷങ്ങൾക്ക് ശേഷം മകൻ അറസ്റ്റിൽ

പത്ത് വർഷത്തിനുശേഷം ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നു. പിതാവിനെ കൊന്നത് മകനാണെന്ന് തെളിയുന്നത് പത്ത് വർഷത്തിന് ശേഷം. മകൻ കൊലപ്പെടുത്തിയ പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം വർഷങ്ങൾക് ശേഷം തമിഴ്നാട്ടിലെ പൊതുശ്മശാനത്തിൽ നിന്ന് പൊലീസ് പരിശോധനയ്ക്കായി പുറത്തെടുത്തതോടെയാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ആറയൂർ കടമ്പാട്ടുവിള ഷാജിഭവനിൽ വിമുക്തഭടനായിരുന്ന കൃഷ്ണന്റെ മൃതദേഹമാണ് അരുമനയ്ക്ക് സമീപം പുണ്യത്ത് നിന്നും പോലീസ് കണ്ടെടുത്തത്. വർഷങ്ങൾക്ക് മുന്നേ കൃഷ്ണനെ കാണാതാവുകയായിരുന്നു. കൃഷ്‌ണന്റെ മകൻ ഷാജിയാണ് കൊലപാതക കുറ്റത്തിന് അറസ്റ്റിലായത്.
പിതാവിനെ വധിക്കാൻ സഹായിച്ച സുഹൃത്തിനെയും ഷാജി കൊലപ്പെടുത്തിയിരുന്നു. പിതാവിനെ വധിച്ച സംഘത്തിൽപെട്ട സുഹൃത്തായ ആറയൂർ സ്വദേശി വിനുവിനെ മൃഗീയമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി പറമ്പിൽ തള്ളിയ കേസിൽ എട്ട് മാസം മുൻപ് ഏക മകനായ ഷാജി പിടിയിലായതോടെയാണ് ഒരു പതിറ്റാണ്ട് പിന്നിട്ട കൊലപാതക പരമ്പര പുറം ലോകം അറിയുന്നത്.
2009 ജനുവരി 13 ന്ഷാജിയടങ്ങുന്ന മൂന്നംഗ സംഘം കൃഷ്ണനെ വാഹനത്തിൽ കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അരുമന തേയ്മാനുർ പാലത്തിൽ നിന്ന് താമ്രപർണി ആറ്റിലേക്ക് മൃതദേഹം തള്ളുകയും ചെയ്തു. വെള്ളത്തിൽ വീഴാതെ കരയിൽ കിടന്ന മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ അരുമന പൊലീസ് മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം സംസ്കരിച്ചവർ നൽകിയ സൂചന അനുസരിച്ചാണ് സംസ്കരണം നടന്ന സ്ഥലത്ത് ഖനനം നടത്തിയപ്പോൾ രണ്ട് മൃതദേഹങ്ങളുടേതെന്ന് കരുതുന്ന എല്ലുകൾ ലഭിച്ചത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന കൃഷ്ണനെ കാൺമാനില്ലെന്നായിരുന്നു ഷാജി പ്രദേശവാസികളോട് പറഞ്ഞിരുന്നത്. സ്വന്തമായി നാലര ഏക്കറോളം ഭൂമിയും വീടുകളും ഉണ്ടായിരുന്ന പിതാവുമായുള്ള സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിതാവിന്റെ കൊലപാതകവിവരം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതും, തട്ടിക്കൊണ്ടുപോയി മർദിച്ചതിലും ഉള്ള വൈരാഗ്യമാണ് വിനുവിനെ കൊല്ലാൻ പ്രേരിപ്പിച്ചത് . വിനുകൊലക്കേസ് അന്വേഷണവേളയിലാണ് കൃഷ്ണന്റെ തിരോധാനത്തിൽ ഷാജിക്ക് പങ്കുള്ളതായി പോലീസ് സംശയിച്ചത്.
ഒന്നരമാസത്തോളം ഒളിവിലായിരുന്ന ഷാജിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ആണ് കൃഷ്ണന്റെ മരണത്തിലുമുള്ള പങ്ക് വ്യക്തമായത്. രണ്ട് കൊലക്കേസുകളിൽ പ്രതിയായ ഷാജിയെ കോടതി റിമാൻഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന പാറശാല സിഐ എസ്.എം റിയാസ്, എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്.
https://www.facebook.com/Malayalivartha























