ആരിഫ് മുഹമ്മദ് ഖാന്‍ പൊളിക്കും... സംസ്ഥാനത്തെ ഭരണ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ക്കെരിരെ ഒറ്റയ്ക്ക് പോരാടുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്രത്തിന് പ്രിയപ്പെട്ടതാകുന്നു; ഒറ്റ രാത്രിയില്‍ പ്രമുഖ മാധ്യമങ്ങളെ വെവ്വേറെ വിളിച്ച് പൗരത്വ ബില്‍ പൊളിച്ചടുക്കിയതോടെ ദേശീയ താരമായി ആരിഫ് മുഹമ്മദ് ഖാന്

സംസ്ഥാനത്തുണ്ടായിരുന്ന പാവ ഗര്‍ണറല്ല താനെന്ന് ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാണിച്ച് കൊടുക്കുകയാണ്. തനിക്കെതിരെ വരുന്ന ഓരോ ഒളിയമ്പിനും എണ്ണിയെണ്ണിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി പറഞ്ഞത്. മാത്രമല്ല പൗരത്വ ബില്ലിനെതിരായി സംസാരിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. ആരും എത്താതിരുന്നതോടെ പ്രമുഖ ചാനലുകളെ വിളിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞു. അഭിമുഖം നയിച്ച ചാനല്‍ എഡിറ്റര്‍മാര്‍ പോലും ആരിഫ് മുഹമ്മദ് ഖാന്റെ അഗാത പാണ്ഡിത്യം കണ്ട് കണ്ണു തള്ളി. ഫലമോ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസക്തി ദേശീയതലത്തിലും എത്തി. അതോടെ ഗവര്‍ണര്‍ക്ക് നേരെ ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
അങ്ങനെ പൗരത്വ ഭേദഗതി നിയമത്തെ അതിശക്തമായി അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രബിന്ദുവാക്കി രാഷ്ട്രീയപ്പോരിനു കളമൊരുങ്ങുകയാണ്. ഗവര്‍ണര്‍ക്കെതിരേ സംസ്ഥാനത്തെ ഭരണപ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായതോടെ, അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണം അവലോകനം ചെയ്യുന്നതു കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. ഇന്നു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം പൗരത്വ നിയമത്തെ തള്ളിപ്പറയാന്‍ തുനിഞ്ഞാല്‍ പ്രശ്‌നം സങ്കീര്‍ണമാകും.
പാര്‍ലമെന്റ് പാസാക്കി, രാഷ്ട്രപതി ഒപ്പുവച്ച നിയമത്തിന് ഒപ്പം നില്‍ക്കുന്നതു തന്റെ ഭരണഘടനാപരമായ കടമയാണെന്നു ഗവര്‍ണര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ അദ്ദേഹത്തിനെതിരേയുണ്ടായ പ്രതിഷേധത്തില്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കു നേരിട്ടു പങ്കില്ലെങ്കിലും അതിനോട് അവര്‍ക്കുള്ള യോജിപ്പ് പ്രകടമാണെന്നു ബി.ജെ.പി. വിലയിരുത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്നാലെ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനും കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എം.പിയും ഇന്നലെ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ചു. തെറ്റായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുയരുക സ്വാഭാവികമെന്നു ലോക കേരളസഭയുടെ ഭാഗമായുള്ള മാധ്യമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു കേന്ദ്ര സര്‍ക്കാരിനു നേരേയാണു വിരല്‍ ചൂണ്ടുന്നതായി.
പൗരത്വ നിയമ ഭേദഗതിയുടെ ചരിത്ര പശ്ചാത്തലം വിവരിക്കുകയും ഗാന്ധിജിയും ജവാഹര്‍ലാല്‍ നെഹ്‌റുവുമടക്കമുള്ള നേതാക്കളുടെ വാഗ്ദാനമാണു പാലിക്കപ്പെടുന്നതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്ത ഗവര്‍ണറുടെ നടപടി, വിശദീകരണ യോഗങ്ങള്‍ക്കുള്ള ചവിട്ടുപടിയാക്കാനാണു ബി.ജെ.പിയുടെ നീക്കം. ഗവര്‍ണര്‍ക്കു മതിയായ സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേന്ദ്രം നേരിട്ടു സുരക്ഷയൊരുക്കുമെന്നു ചില ബി.ജെ.പി. നേതാക്കള്‍ പ്രഖ്യാപിക്കുന്നുണ്ട്.
കണ്ണൂരിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സിന്റെയും ഡി.ജി.പിയുടെയും റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള ക്രമസമാധാന വിഷയമായതിനാല്‍ എടുത്തുചാട്ടത്തിനു തുനിഞ്ഞേക്കില്ല. അതേസമയം, രാജ്ഭവനിലും ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളിലും കൂടുതല്‍ സുരക്ഷയൊരുക്കുന്നതു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നിയമനിര്‍മാണ സഭകളിലെ പട്ടികജാതി/വര്‍ഗ സംവരണം പത്തു വര്‍ഷത്തേക്കു നീട്ടാനുള്ള പ്രമേയം അംഗീകരിക്കുകയാണ് ഇന്നത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ ഔദ്യോഗിക അജന്‍ഡ. ഗവര്‍ണറെ അറിയിച്ചത് അങ്ങനെയാണ്. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലാക്കരുതെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം വി.ഡി. സതീശന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കത്തു നല്‍കി. സ്പീക്കറുടെ തീരുമാനമാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും പൗരത്വ നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കുന്നതു ഭരണഘടനാവിരുദ്ധമാകുമെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം ആരിഫ് മുഹമ്മദ് ഖാന് മതിയായ പിന്തുണ നല്‍കാനാണ് അമിത്ഷായുടെ തീരുമാനം. ഒറ്റയ്ക്ക് പടനയിക്കുന്ന പടനായകന് ആവശ്യമായ സുരക്ഷ ഒരുക്കണമോയെന്ന ആലോചനയിലാണ് കേന്ദ്രം.
"
https://www.facebook.com/Malayalivartha
























