ശെടാ ഈ ബുദ്ധി കൊള്ളാല്ലോ... അപ്രതീക്ഷിതമായി ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് കേന്ദ്രം; പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ തിരഞ്ഞെടുക്കാം; കേബിളുകാര്‍ ഇത് തന്നില്ലെങ്കില്‍ നടപടി; ചോദിച്ച് വാങ്ങേണ്ടത് നമ്മളുടെ ഉത്തരവാദിത്തം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ജനക്ഷേമ പദ്ധതികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാനുള്ള സൗകര്യം കേന്ദ്രം ഒരുക്കിയിരുന്നു. ഇതുകൂടാതെ എല്ലാ ജനങ്ങളേയും നേരിട്ട് ബാധിക്കുന്ന ചാനല്‍ നിരക്കുകള്‍ കുറച്ചിരിക്കുകയാണ്. മോദിയുടെ ന്യൂ ഇയര്‍ സമ്മാനമായാണ് പലരും ഇത് വ്യാഖ്യാനിക്കുന്നത്.
സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇതുപ്രകാരം എല്ലാ സൗജന്യ ചാനലും കാണാന്‍ ഇനി നല്‍കേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനല്‍ കാണുന്നതിന് 130 രൂപയും നികുതിയും ഉള്‍പ്പെടെ 153.40 രൂപ നല്‍കണമായിരുന്നു. പുതിയ ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനല്‍ ലഭിക്കും. ഇതില്‍ 25 ദൂരദര്‍ശന്‍ ചാനല്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തിയിട്ടുമില്ല. മുമ്പ് 25 ഡി.ഡി.ചാനലുകളടക്കം നൂറുചാനലായിരുന്നു. അപ്പോള്‍ ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നത് 75 ചാനലുകള്‍ മാത്രമായിരുന്നു. പുതിയ മാറ്റത്തോടെ 200 ചാനലുകള്‍ തിരഞ്ഞെടുക്കാം. മാര്‍ച്ച് ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും.
ബൊക്കെയില്‍ (ഒന്നിച്ച് തരുന്ന) വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തില്‍ കൂട്ടിയാല്‍ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങില്‍ കൂടാന്‍ പാടില്ലെന്നും ട്രായ് നിഷ്‌കര്‍ഷിക്കുന്നു. ഇതില്‍പ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയില്‍ അധികമാകാനും പാടില്ല. ബൊക്കെയില്‍ നല്‍കുന്ന സ്‌പോര്‍ട്‌സ് ചാനലുകള്‍ക്കും മറ്റും വിലകുറച്ച് അവ ഒറ്റയ്ക്ക് നല്‍കുമ്പോള്‍ വലിയ നിരക്ക് ഈടാക്കുന്നത് തടയാനാണിത്. മാത്രമല്ല പരമാവധി നിരക്ക് 12 രൂപയോ കുറവോ ഉള്ള ചാനലുകള്‍മാത്രമേ ഇനി ബൊക്കെയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്നും പറയുന്നു.
പുതിയ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരിയില്‍ നടപ്പായതോടെ ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ള ഉപഭോക്താക്കളുടെ മാസവരിസംഖ്യ കുത്തനെ കൂടിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുത്തലുകളുമായി ട്രായ് ഉത്തരവ്.
ഒരു വീട്ടില്‍ രണ്ട് ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടാമത്തേതിന് നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി നിരക്കിന്റെ 40 ശതമാനമേ ഈടാക്കാന്‍ പാടുള്ളൂ. ആറുമാസത്തേക്കോ അതിലധികമോ ഒന്നിച്ച് വരിസംഖ്യയടയ്ക്കുന്നവര്‍ക്ക് നിരക്കില്‍ കിഴിവ് നല്‍കാനും ട്രായ് അനുവദിച്ചിട്ടുണ്ട്.
ചാനലുകള്‍ ഡി.ടി.എച്ച്., കേബിള്‍ ടി.വി.കളുടെ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഫീസ് മാസം പരമാവധി നാലുലക്ഷമായി നിജപ്പെടുത്തി. ചാനലുടമകളുടെ നീണ്ടകാലത്തെ പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്. ടെലിവിഷനില്‍ നല്‍കുന്ന ചാനല്‍ ഗൈഡുകളില്‍ ഓരോ ഭാഷയിലും ഉള്‍പ്പെട്ട ചാനലുകള്‍ അടുത്തടുത്തുതന്നെയാവണമെന്നും നിര്‍ദേശമുണ്ട്.
അതേ സമയം പല സ്ഥലങ്ങളിലും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഈ കുറഞ്ഞ തുക അനുവദിക്കുന്നില്ലെന്ന വ്യാപക പരാതിയുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ട്രായ് ഉദ്ദേശിക്കുന്നു. കുറഞ്ഞ നിരക്ക് ലഭിക്കേണ്ടത് ഓരോ ഉഭഭോക്താവിന്റേയും അവകാശമാണ്. എല്ലാവര്‍ക്കും ഓണ്‍ലൈനിലൂടെ ഈ സേവനം ലഭിക്കും. എന്നാല്‍ ഇതറിയാത്തവരോട് പലപല ന്യായം പറഞ്ഞ് പുതിയ പാക്കേജിലേക്ക് മാറാന്‍ കേബിളുകാര്‍ സഹായിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ പരാതിപ്പെട്ടാല്‍ മാത്രമേ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ സമീപിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തുക.
https://www.facebook.com/Malayalivartha
























