ചില കാരണവൻമാർ അങ്ങനെയാണ് തനിക്കൊപ്പം തറവാടും കാലിയാക്കും; ശമ്പളം നൽകാൻ പോലും തുട്ടില്ലാത്ത സർക്കാർ ലോകകേരള സഭക്ക് വേണ്ടി ചെലവഴിക്കുന്നത് 50 കോടി

ശമ്പളം നൽകാൻ പോലും തുട്ടില്ലാത്ത സർക്കാർ ലോകകേരള സഭക്ക് വേണ്ടി ചെലവഴിക്കുന്നത് 50 കോടി. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും അവരുടെ അനുഭവ സമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താനുമാണ് ലോക കേരളസഭ മുന്‍പ് സമ്മേളിച്ചത്. എല്ലാവരും സഹകരിച്ച് നടത്തിയ ആ സമ്മേളനം കൈക്കൊണ്ട ഒരു തീരുമാനം പോലും നടപ്പാക്കാതെയാണ് രണ്ടാം വര്‍ഷം ലോക കേരള സഭ സംഘടിക്കുന്നത്.
കേരള സഭ സംഘടിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ധനമന്ത്രിയും ധനവകുപ്പും എതിർത്തെങ്കിലും മുഖ്യമന്ത്രി വകവച്ചില്ല. പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേരളത്തിൽ ക്രിസ്തുമസും പുതുവത്സരവും സർക്കാർ ചെലവിൽ നടത്തി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സംസ്ഥാനം കരകയറാനാവാത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോക കേരള സഭ വേണമോ എന്ന ധനമന്ത്രിയുടെ ചോദ്യം അർഹിക്കുന്ന അവജ്ഞയോടെയാണ് സർക്കാർ തള്ളികളഞ്ഞത്.
മുമ്പും ധനമന്ത്രിമാരുടെ എതിർപ്പ് സർക്കാർ തള്ളികളയാറുണ്ടായിരുന്നു. ധനമന്ത്രി എതിർത്താൽ വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ച് അനുമതി വാങ്ങാറായിരുന്നു പതിവ്. വക്കം പുരുഷോത്തമൻ ധനമന്ത്രിയായിരുന്ന കാലത്ത് മാത്രമാണ് ഇത്തരമൊരു പതിവ് നടക്കാതിരുന്നത്.ധനമന്ത്രിയെന്ന നിലയിൽ വക്കം പിന്തുടർന്ന കർശന നിലപാടായിരുന്നു കാരണം. ധനസെക്രട്ടറിമാർ ഫയലിൽ എന്ത് എഴുതിയാലും അതിനൊന്നും യാതൊരു വിലയും സർക്കാർ കൽപ്പിക്കാറില്ല. സർക്കാരുകളെ സംബന്ധിച്ചടത്തോളം നാടിന്റെ വികസനത്തെക്കാൾ വലുത് സർക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങൾ മാത്രമാണ്.
പിണറായിയാകട്ടെ ഐസക്കിന്റെ ഒരു താത്പര്യവും വകവയ്ക്കാറില്ല. പാർട്ടി സെക്രട്ടറി റോൾ കൂടി ഏറ്റെടുത്ത പിണറായിയെ ഐസക്കിന് പേടിയാണെന്ന് പറയപ്പെടുന്നു.
രണ്ടു ദിവസത്തെ സമ്മേളനം നടത്തുന്നതിനായി നിയമസഭയിലെ ഹാള്‍ പൊളിച്ചു പണിയാന്‍ 16.5 കോടി രൂപ ചെലവാക്കി.. സമ്മേളനത്തിന് ഇനിയും ഏഴെട്ടു കോടിയെങ്കിലും ചിലവാകും. ഇത് പ്രവാസി ക്ഷേമത്തിനു ചിലവാക്കിയിരുന്നെങ്കില്‍ അതുകൊണ്ട് സാധാരണ പ്രവാസികള്‍ക്ക് പ്രയോജനമുണ്ടാകുമായിരുന്നു. കഴിഞ്ഞ ലോക കേരളസഭയുടെ ആഹ്വാനം സ്വീകരിച്ച് കേരളത്തില്‍ നിക്ഷേപം നടത്തിയ സംരംഭകരായ പുനലൂരിലെ സുഗതന്റെയും, ആന്തൂരിലെ സാജന്‍ പാറയിലിന്റെയും ആത്മഹത്യയ്ക്കും ഉത്തരവാദി ആരെന്ന് പ്രത്യേകം പറയേണ്ടതില്ല. മരണശേഷം പോലും പ്രവാസികളുടെ കുടുംബത്തിനു നീതി നല്‍കിയിട്ടില്ല.
പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നതല്ലാതെ അവയൊന്നും നടപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന ലോക കേരളസഭ പ്രവാസികളുടെ പേരിലുള്ള പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാരായ പ്രവാസികള്‍ക്ക് ലോക സഭയുടെ നാലയലത്തു പോലും എത്തിനോല്‍ക്കാനാവില്ല. അവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണവുമില്ല. പ്രവാസികളായ വൻകിട ബിസിനസുകാരാണ് സമ്മേളനം നടത്തുന്നത്. അതിന്റെ ഗുണഫലം ലഭിക്കുന്നത് അവർക്കും അവരുടെ ആശ്രിതർക്കും മാത്രമാണ്. അതു കൊണ്ടു തന്നെ സാധാരണക്കാർ ഇത്തരം പരിപാടികളോട് യാതൊരു താത്പര്യവും കാണിക്കാറില്ല.
ലോക കേരള സഭ സ്ഥിരം കലാപരിപാടിയാക്കാൻ നിയമനിർമ്മാണം നടത്തുമെന്നാണ് സർക്കാർ പ്രഖ്യാപനം. അത് അടുത്ത വർഷം അധികാരത്തിലെത്തുന്ന സർക്കാരിന്റെ താത്പര്യമാണെന്ന സ്വാതന്ത്ര്യമാണെന്ന തോന്നൽ പോലും ഇടതു സർക്കാരിനുണ്ടായില്ല.
പിണങ്ങി നിൽക്കുന്ന ഗവർണറെ സ്വന്തം വഴിക്ക് കൊണ്ടുവരാൻ കഴിഞ്ഞതുമാത്രമാണ് ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങിലെ നേട്ടം. ചില കാരണവൻമാർ അങ്ങനെയാണ്. തങ്ങൾക്കൊപ്പം തറവാടും കാലിയാക്കും.
https://www.facebook.com/Malayalivartha
























