ജോളിയുടെ വാക്കുകള്‍ കേട്ട് പൊലീസ് ഞെട്ടി; പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ നിരവധി തവണ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായെന്ന് ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞിരുന്നതായി റിപ്പോർട്ട്

2019 ൽ കേരളത്തെ ഒന്നടങ്കം നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം പൊലീസ് കഴിഞ്ഞ ദിവസം താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭര്‍ത്താവ് പൊന്നാമറ്റത്തെ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ 1800 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ചത്.
പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയില്‍ നിരവധി തവണ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായെന്ന് ഉദ്യോഗസ്ഥരോട് പ്രതി പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലക്കിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ആറു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ ജോളി മറ്റ് മൂന്ന് പേരെകൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിനു മുന്‍പേ പൊലീസിന് കൊലപാതകിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു.
ഇതില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസില്‍ റോയിയുടെ ബന്ധുവായ എം.എസ്.മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സിപിഎം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍. റോയ് തോമസിനെ കൊന്നതില്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
റോയിയെ കൊലപ്പെടുത്തുന്നതിന് ജോളി ഏറെ മുന്നൊരുക്കം നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അന്നേദിവസം ജോളി രണ്ടുമക്കളെയും വളരെ നേരത്തേ മുകള്‍നിലയിലേക്ക് കൊണ്ടുപോയി ഉറക്കി.
വൈകീട്ട് റോയി വീട്ടിലെത്തിയാലുടന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും ഒരു ഗ്ലാസ് വെള്ളം എന്തായാലും കുടിക്കും. അതിനാല്‍ വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലര്‍ത്തിവെച്ചു. ഇത് മക്കളെടുത്ത് കഴിക്കാതിരിക്കാനാണ് അവരെയും കൊണ്ട് നേരത്തേ തന്നെ മുകളിലത്തെ മുറിയിലേക്ക് പോയത്. ജോളിയും അവര്‍ക്കൊപ്പം കിടന്നുറങ്ങി.
രാത്രിയില്‍ റോയി വന്നപ്പോള്‍ മക്കളെ കാണാന്‍ മുകള്‍നിലയിലേക്ക് പോവുകയും ചെയ്തു. ഉറങ്ങുന്ന മക്കളെക്കണ്ട് കള്ളയുറക്കമാണോ എന്ന് ചോദിക്കുകയും ചെയ്തു. ഇതിനുശേഷമാണ് താഴെയെത്തി വെള്ളം കുടിച്ചതും കടലക്കറിയും ചോറും കഴിച്ചതും. പിന്നീട് ബാത്ത്റൂമില്‍ കുഴഞ്ഞുവീണ് അവശനിലയിലായി.
അപ്പോഴേക്കും ജോളി പാത്രവും ഗ്ലാസുമെല്ലാം കഴുകി വൃത്തിയാക്കിവെച്ചു. പിന്നീട് റോയിക്ക് ഹൃദയാഘാതമാണെന്ന് എല്ലാവരോടും വിളിച്ചുപറഞ്ഞു. റോയി ഒരു ജോലിക്കും പോകാത്തതില്‍ ജോളിക്ക് അതൃപ്തിയുണ്ടായിരുന്നു. ഒരു പ്രയോജനവും റോയിയെക്കൊണ്ട് ഇല്ലെന്നും മറ്റൊരാളെ വിവാഹംചെയ്യണമെന്നും ചിലരോട് പറയുകയുംചെയ്തു. ഭാര്യയുമായി പിണക്കത്തിലാണെന്നും ഇത് മാറ്റാന്‍ ആഭിചാരക്രിയ നടത്തണമെന്നും പറഞ്ഞ് റോയി ചിലരെ സമീപിച്ചിരുന്നു. ഇവര്‍ റോയിയെ മടക്കി അയക്കുകയാണ് ചെയ്തത്.
കൊലപാതകങ്ങള്‍ക്കു പുറമേ വ്യാജയായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും കൃത്രിമമായി ജോളി നിര്‍മ്മിച്ചെടുത്തിരുന്നു. പ്രീഡിഗ്രി വരെ വിദ്യാഭ്യാസമുണ്ടായിരുന്ന ജോളി ബികോം, എംകോം, നെറ്റ് തുടങ്ങിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























