മാന്യത അനുസരിച്ച് രാഹുല്‍ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കേണ്ട; ലോക കേരള സഭയില്‍ അഴിമതിയും ധൂര്‍ത്തുമാണ് നടക്കുന്നത്; സംസ്ഥാന സർക്കാരിന് മറുപടിയുമായി രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിന് മറുപടിയുമായി രമേശ് ചെന്നിത്തല. ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചത് അദ്ദേഹത്തിന്റെ മാന്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാന്യത അനുസരിച്ച് രാഹുല്‍ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കേണ്ടെന്നും അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയില്‍ അഴിമതിയും ധൂര്‍ത്തുമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ ഒരു യുഡിഎഫുകാരനും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ;
ലോക കേരള സഭയ്ക്ക് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ച് കത്ത് അയച്ചു എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഒരു റ്റ്വിറ്റർ സന്ദേശം കണ്ടു. അത് വസ്തുതാ വിരുദ്ധമാണ്. ലോക കേരള സഭയിൽ പങ്കെടുക്കണം എന്നും, പിന്തുണ വേണം എന്നുമുള്ള മുഖ്യമന്ത്രിയുടെ കത്തിനു മറുപടി മാത്രമാണ് രാഹുൽ ഗാന്ധി അയച്ചത്, അതും ഒരു സന്ദേശ രൂപത്തിൽ.
ഒരു കത്ത് അയച്ചാൽ അതിനു മറുപടി നൽകുന്നത് മാന്യതയാണ്. കത്തിൽ കേരളത്തിന്റെ വികസനത്തിനു ലോക മലയാളികൾകുള്ള പങ്കിനെയാണ് അഭിനന്ദിക്കുന്നത്. അതിൽ ആർക്കും അഭിപ്രായ വ്യത്യാസമുള്ള കാര്യമല്ലല്ലോ. പിന്നെ പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിനുള്ള നല്ല ഒരു പ്ലാറ്റ്ഫോം ആണ് ലോക കേരള സഭ എന്നും പറയുന്നുണ്ട്. അത് കൊണ്ടാണല്ലോ ഒന്നാം ലോക കേരള സഭയിൽ പ്രതിപക്ഷം നല്ല രീതിയിൽ സഹകരിച്ചത്. ഇതിനെ രണ്ടാം ലോക കേരള സഭയ്ക്കുള്ള രാഹുൽ ഗാന്ധിയുടെ പിന്തുണയായി ചിത്രീകരിക്കുന്നത് ബാലിശമാണ്. മാത്രമല്ല രാഹുൽഗാന്ധി കത്തയച്ചത് ഡിസംബർ 12 നാണ്. ലോകകേരള സഭ ബഹിഷ്‌ക്കരിക്കാനായി യുഡിഎഫ് ഒറ്റകെട്ടായി എടുത്ത തീരുമാനം പ്രഖ്യാപിക്കുന്നത് ഡിസംബർ 28 ന് നടത്തിയ പത്രസമ്മേളനത്തിലാണ്. വസ്തുതകൾ ഇതായിരിക്കെ വിവാദം സൃഷ്ടിക്കാനുള്ള നടപടി മുഖ്യമന്ത്രിക്ക് ചേർന്നതല്ല.
പ്രതിപക്ഷം രണ്ടാം ലോക കേരള സഭ ബഹിഷ്കരിക്കുന്നത്, അത് ഒരു പ്രഹസനമായി മാറിയത് കൊണ്ടാണ്. അതോടൊപ്പം നടത്തുന്ന ധൂർത്തിനോട് ശക്തമായ എതിർപ്പ് ഉള്ളത് കൊണ്ടാണ്. ഒന്നാം ലോക കേരള സഭ എടുത്ത പ്രധാന തീരുമാനങ്ങൾ ഒന്നും തന്നെ സർക്കാർ നടപ്പാക്കിയില്ല. സർക്കാരിന്റെയും, കമ്യൂണിസ്റ്റ് പാർട്ടികളുടേയും പ്രവാസി വിരുദ്ധ നിലപാടുകൾ കാരണം രണ്ട് പ്രവാസികൾ ആത്മഹത്യ ചെയ്തു. ഒന്നര കോടി രൂപ ചിലവിൽ നവീകരിച്ച ഹാൾ, വീണ്ടും 16 കോടി ചിലവിൽ ആർഭാടമാക്കുന്നു. ജീവിതകാലം മുഴുവൻ ലാളിത്യത്തോടെ ജീവിച്ച മുൻസ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ ഓർമയ്ക്കായുള്ള ഹാളിലാണ് ഊരാളുങ്കൽ സൊസൈറ്റിയെ കൊണ്ട് കോടികൾ പൊടിച്ചു ആഡംബരം തീർത്തത്. ചുരുക്കം പറഞ്ഞാൽ പാവപ്പെട്ട പ്രവാസികളുടെ പേരിൽ, പൊതു പണം ധൂർത്ത് അടിക്കുന്ന ഒരു ആർഭാടമായി മാറി ലോക കേരള സഭ. അതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്. അത് കൊണ്ട് തന്നെയാണ് യു ഡി എഫ് ഈ ആർഭാട സഭ ബഹിഷ്കരിക്കുന്നതും. ഇത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. അതിനെ വ്യക്തിപരമായി മുഖ്യമന്ത്രിയോട് കാണിക്കുന്ന രാഷ്ട്രീയ മര്യാദയുമായി കൂട്ടി കെട്ടരുത്. അത് മാന്യത അല്ല എന്നും ചെന്നിത്തല പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























