ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ബി.ഡി.ജെ.എസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു.
അടുത്ത കാലം വരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു. എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്‍റിന് പുറമെ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എന്നാൽ ബിഡിജെഎസിലെയും എസ്എൻഡിപിയിലെയും ഉന്നത പദവി നൽകാത്തതിനെ ചൊല്ലി സുഭാഷ് വാസുവും നേതൃത്വവുമായി അഭിപ്രായഭിന്നയുണ്ടായി.
എസ്.എന്‍.ഡി.പി യോഗത്തില്‍ സുഭാഷ് വാസുവും വെളളാപ്പളളി നടേശനും തമ്മിലുളള അഭിപ്രായഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുഭാഷ് വാസു നേതൃത്വം നല്‍കുന്ന മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. സുഭാഷ് വാസുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യൂണിയന്‍ ഓഫീസിലെ വരവ് ചെലവ് കണക്ക് ബുക്ക് അടക്കം രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബു മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും യൂണിയന്‍ സെക്രട്ടറി സുരേഷ് ബാബു രണ്ടാം പ്രതിയുമാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ സുഭാഷ് വാസുവിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിയന്‍ പിരിച്ചുവിടുന്നതെന്നാണ് എസ്.എന്‍.ഡി.പി യോഗം അന്ന് വിശദീകരിച്ചത്.
2018ലാണ് സുഭാഷ് വാസു സ്പൈസസ് ബോര്‍ഡിന്റെ തലപ്പത്ത് വരുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.
https://www.facebook.com/Malayalivartha
























