കേരളത്തില്‍ കവര്‍ച്ച നടത്തിയ ശേഷം തമിഴ്‌നാട്ടില്‍ ആഢംബര ജീവിതം നയിക്കുന്ന നിരവധി പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാത്ത നിസ്സഹായ അവസ്ഥയിലാണ് സംസ്ഥാന പൊലീസ്, മോഷണവും കവര്‍ച്ചയും അടക്കം ഒരുപാട് കേസുകളിലെ പ്രതികളാണ് തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തലടക്കം കഴിയുന്നത്

കേരളത്തില്‍ കവര്‍ച്ച നടത്തിയ ശേഷം തമിഴ്‌നാട്ടില്‍ ആഢംബര ജീവിതം നയിക്കുന്ന നിരവധി പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാത്ത നിസ്സഹായ അവസ്ഥയിലാണ് സംസ്ഥാന പൊലീസ്. മോഷണവും കവര്‍ച്ചയും അടക്കം ഒരുപാട് കേസുകളിലെ പ്രതികളാണ് തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തലടക്കം കഴിയുന്നത്. യാതൊരുതരത്തിലുമുള്ള നിയമനടപടികളും ഇവര്‍ക്കെതിരെ എടുക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച സേനകളില്‍ ഒന്നായ കേരളാ പൊലീസിന് കഴിയുന്നില്ല. തമിഴ്‌നാട് പൊലീസും മോഷ്ടാക്കളും തമ്മിലുള്ള പരസ്പരധാരണയാണ് പ്രതികളെ പിടികൂടുന്നതിന് പ്രധാനതടസ്സം. വാറന്‍ഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി തമിഴ്‌നാട്ടില്‍ ചെന്നാല്‍ ലോക്കല്‍ പൊലീസ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും പറയുന്നു.
ക്രമസമാധാനം സംസ്ഥാന പൊലീസിന്റെ അധാകാരത്തില്‍ വരുന്ന കാര്യമായതിനാല്‍ കേരളാ പൊലീസിന് തമിഴ്‌നാട് പൊലീസിന്റെ സഹകരണമില്ലാതെ പ്രതികളുടെ വീടുകള്‍ തേടി പോലും പോകാന്‍ കഴിയില്ല. തമിഴ്‌നാട്ടിലെ വിദൂരഗ്രാമങ്ങളിലുള്ളവരായിരിക്കും മിക്കവാറും കേസുകളിലെ പ്രതികള്‍. നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള തമിഴ്‌നാട്ടില്‍ ചെന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്യുക അതുകൊണ്ട് ഏറെ ദുഷ്‌ക്കരമാണ്. പലപ്പോഴും ഗ്രാമവാസികള്‍ പൊലീസിന് നേരെ ഏറ്റുമുട്ടാന്‍ തയ്യാറാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ ുണ്ടാസംഘങ്ങളുടെ ഭീഷണിയുണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്ത ഇവര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതികളെ മോചിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങളില്‍ അന്വേഷണ സംഘം വെറുംകയ്യോടെ മടങ്ങേണ്ടി വരുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം തിരൂരിലെ പോസ്‌റ്റോഫിസുകള്‍ കുത്തിപ്പൊളിച്ച് നാല് ലക്ഷം രൂപയും ആലിങ്ങലിലെ ഒരു വീട്ടുകാര്‍ക്ക് ശീതളപാനീയത്തില്‍ മയക്ക് പൊടി ചേര്‍ത്ത് നല്‍കി പണവും ആഭരണങ്ങളും കവര്‍ന്ന കേസുകളുടെ അന്വേഷണം തമിഴ്‌നാട്ടിലാണ് അവസാനിച്ചത്. പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ അവിടെയെത്തിയ കേരളാ പൊലീസിന് വളരെ മോശം അനുഭവമാണ് ഉണ്ടായത്. അതിനാല്‍ പ്രതികളെ പിടികൂടാനാകാതെ മടങ്ങേണ്ടിവന്നു. കേരളത്തില്‍ മോഷണങ്ങളും വലിയ കവര്‍ച്ചകളും ആസൂത്രണം ചെയ്ത് നടത്തിയ ശേഷം സംഘം പലവഴിക്കായി പിരിയും. ശേഷം തമിഴ്‌നാട്ടിലെ സേലം, പൊള്ളാച്ചി, ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ കവര്‍ച്ചക്കാര്‍ തമ്പടിക്കുന്ന കോളനികളില്‍ അഭയം തേടും. ഇത്തരം കോളനികളില്‍ തമിഴ്‌നാട് പൊലീസിന് പോലും കയറാനാകാത്ത സ്ഥിതിയാണുള്ളത്. സമാന്തരഭരണമാണ് അവിടങ്ങളില്‍ നടക്കുന്നത്.
കവര്‍ച്ചാ സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ഇവിടങ്ങളില്‍ സൗകര്യമുണ്ട്. അതിനായി ഇടപാടുകാരുമുണ്ട്.
2019ല്‍ മലപ്പുറം പൊലീസ് ഒരു ഡസന്‍ തവണയാണ് തമിഴ്‌നാട്ടിലെ വിവിധകേന്ദ്രങ്ങളില്‍ പരിശോധനയ്ക്കും പ്രതികളെ പിടികൂടാനും പോയത്. യാതൊരുഫലവും ഉണ്ടായില്ല. വണ്ടിക്കൂലിയും വഴിച്ചെലവും പാഴാക്കി ഖജനാവിന് നഷ്ടം വരുത്തിയത് മാത്രം മിച്ചം. ആളപായമുണ്ടാകുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിലേക്ക് പോകാനൊക്കില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പോയ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലപ്പോഴും കേരളാ പൊലീസ് പ്രതികളെ തേടി അവിടെയെത്തുന്നതിന് മുമ്പ് അവര്‍ക്കോ, അവരുടെ സംഘാങ്ങള്‍ക്കോ തമിഴ്‌നാട് പൊലീസ് വിവരം ചോര്‍ത്തി നല്‍കും. അങ്ങനെ പല കേസുകളും നടപടിക്രമങ്ങള്‍ പൂത്തിയാക്കാനാകാതെ അവസാനിപ്പിക്കേണ്ടിവരുന്നു. അതോടെ കവര്‍ച്ചക്കാര്‍ അടുത്ത പരിപാടിക്കായി കേരളത്തിലേക്ക് വണ്ടികയറും.
https://www.facebook.com/Malayalivartha
























