സംസ്ഥാനത്തെ പെണ്‍കുട്ടികളെയും യുവതികളെയും ഫോണ്‍കോളിലൂടെ വലയിലാക്കുന്ന സംഘം സജ്ജിവമായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി... സൈബര്‍ പൊലീസ് എന്ന വ്യാജേനെ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്

സംസ്ഥാനത്തെ പെണ്‍കുട്ടികളെയും യുവതികളെയും ഫോണ്‍കോളിലൂടെ വലയിലാക്കുന്ന സംഘം സജ്ജിവമായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. സൈബര്‍ പൊലീസ് എന്ന വ്യാജേനെ ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നിരവധി പേര്‍ സംഘത്തിന്റെ തട്ടിപ്പിനിരയായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച ശേഷം അന്വേഷണം ആരംഭിച്ചത്. സൈബര്‍ സെല്ലില്‍ നിന്നെന്ന് പറഞ്ഞ് വിളിച്ച് പണവും ഫോട്ടോകളും മറ്റ് സ്വകാര്യവിവരങ്ങളും ചോദിക്കുകയും പലരും അറിയാതെ കെണിയില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. സൈബര്‍ വിങ്, സൈബര്‍ സെല്‍ എന്നീ പേരുകളില്‍ മൊബൈലില്‍ നമ്പറുകള്‍ സേവ് ചെയ്ത ശേഷമാണ് സംഘം പെണ്‍കുട്ടികളെ അടക്കം വിളിക്കുന്നത്. അതിനാല്‍ ട്രൂ കോളറില്‍ പരിശോധിക്കുന്ന ആര്‍ക്കും സംശയം തോന്നിയിട്ടില്ല.
ആര്‍ക്കെങ്കിലും ഇതുപോലുള്ള ഫോണ്‍ കോളുകള്‍ വന്നാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പ് വരുത്തണമെന്നും പൊലീസ് അറിയിച്ചു. അതിന് ശേഷമേ അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ കൈമാറാവൂ. യാതൊരു കാരണവശാലും സ്വകാര്യവിവരങ്ങളോ ഫോട്ടോകളോ ആര്‍ക്കും കൈമാറരുതെന്നും കൊച്ചി പൊലീസ് കമ്മിഷണറുടെ ഓഫീസ് അറിയിച്ചു. ക്രിസ്മസിനും ന്യൂഇയറിനും ശേഷം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ഏറ്റവുംകൂടുതല്‍ നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണ്. സംസ്ഥാനത്തിന്റെ മറ്റ് ചിലയിടങ്ങളില്‍ പെണ്‍കുട്ടികളുടെയും യുവതികളുടെയും മാതാപിതാക്കളുടെ ഫോണില്‍ വിളിച്ചും തട്ടിപ്പുകള്‍ നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വീട്ടമ്മയെ വിളിച്ച് പറഞ്ഞത്, നിങ്ങളുടെ മകളുടെ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അടിയന്തരമായി ഞങ്ങള്‍ ഇടപെടാം എന്ന് പറഞ്ഞ് വിശ്വാസത്തിലെടുത്ത ശേഷം പണം വാങ്ങി സംഘം മുങ്ങി. വിളിച്ചയാള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞതിനാല്‍ സംശയം തോന്നിയില്ല.
എന്നാല്‍ വീഡിയോയിലുള്ളത് മകളാണെന്ന് ആധികാരികമായി ഉറപ്പ് വരുത്തുന്നതിന് മകളുടെ അര്‍ദ്ധനഗ്ന ഫോട്ടോ ഉദ്യോഗസ്ഥന് മാത്രം കാണത്തക്കരീതിയില്‍ വാട്‌സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ഇടാനും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മാറ്റാനും ആവശ്യപ്പെട്ടു. അപ്പോഴും സംശയം തോന്നിയില്ല. എന്നാല്‍ പ്രൊഫൈല്‍ പിക്ചറിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് ബ്ലാക്ക്‌മെയിലിംഗ് തുടങ്ങിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഒരു മാസത്തിനിടെ കൊച്ചിയില്‍ മാത്രം ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിളിച്ച നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. അതിനാല്‍ ഇതിന് പിന്നില്‍ വലിയ ആസൂത്രണത്തോടെ പ്രവര്‍ത്തിക്കുന്ന സംഘമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള ഫോണ്‍കോള്‍ വന്നാല്‍ സൈബര്‍ സെല്ലിനെയോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുമായും വീട്ടമ്മമാരുമായും വാട്‌സാപ്പ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയും ആ വീഡിയോ വിദേശങ്ങളിലുള്ള പോണ്‍സൈറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന സംഘമുണ്ടെന്ന് മുമ്പേ പരാതികള്‍ ഉയര്‍ന്നിരുന്നു. പലരും വിദേശങ്ങളില്‍ നിന്നും മറ്റുമാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളെയും മറ്റും വലയില്‍ വീഴ്ത്തിയത്. അതിനാലും നാണക്കേട് കാരണം പലരും നേരിട്ട് പരാതി നല്‍കാത്തതും അന്വേഷണത്തെ ബാധിച്ചു. തൊടുപുഴയില്‍ വീട്ടമ്മയുടെ സാദൃശ്യമുള്ള സ്ത്രീയുടെ നഗ്നവീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിവാഹമോചനം നേടിയിരുന്നു. വീട്ടമ്മ കോടതിയില്‍ പോയി പരാതി നല്‍കുകയും ദൃശ്യങ്ങളുടെ ആധാകാരികത പരിശോധിച്ച് വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പരാതി നല്‍കുകയും അന്വേഷണവുമായി സഹകരിക്കുകയും വേണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























