സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രണ്ട് സഭകള്‍ വിളിച്ച് ചേര്‍ത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ധൂര്‍ത്ത്, പൗരത്വഭേദഗതി ബില്ലിനെതിരായ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തും ലോകകേരള സഭ നടത്തിയുമാണ് സാധാരണക്കാരടക്കം നികുതി അടയ്ക്കുന്ന പണം പാഴാക്കുന്നത്

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രണ്ട് സഭകള്‍ വിളിച്ച് ചേര്‍ത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ധൂര്‍ത്ത്. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തും ലോകകേരള സഭ നടത്തിയുമാണ് ഇത്തരത്തില്‍ സാധാരണക്കാരടക്കം നികുതി അടയ്ക്കുന്ന പണം പാഴാക്കുന്നത്. സാമ്പത്തിക പ്രശ്‌നമുള്ളതിനാല്‍ സര്‍ക്കാര്‍ പരിപാടികളുടെയും ചില പദ്ധതികളുടെയും ഫണ്ടിന്റെ 30 ശതമാനം വെട്ടിക്കുറച്ച ഉത്തരവ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതിന് പിന്നാലെയാണ് കോടികള്‍ പൊടിപൊടിച്ച് ലോകകേരള സഭ സംഘടിപ്പിക്കുന്നത്. അതിന്റെ സോഷ്യല്‍ മീഡിയ പ്രമോഷന് അടക്കം 13 ലക്ഷം രൂപയാണ് നല്‍കിയിരിക്കുന്നത്. അതും സി.പി.എമ്മുമായി അടുത്തബന്ധമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ സ്വകാര്യ കമ്പനിക്കാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ലോകകേരള സഭ നടക്കുന്ന, നിയമസഭയിലെ ശങ്കരന്‍ തമ്പി ഹാള്‍ നവീകരിക്കാന്‍ കോടികള്‍ ചെലവഴിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. നിയമസഭ ഒരു ദിവസം സമ്മേളിക്കാന്‍ മാത്രം നാലഞ്ച് ലക്ഷം രൂപയിലധികം ചെലവാകും. അതിന് ഭരണപ്രതിപക്ഷ ഭേദമന്യേയാണ് നേതൃത്വം കൊടുത്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശമ്പളം ഉള്‍പ്പെടെയുള്ള വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പണം അനുവദിക്കുന്നുളളൂ. ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസ്സാക്കാത്തതിനെ തുടര്‍ന്ന് അവര്‍ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് ധര്‍ണ നടത്തിയിരുന്നു. പലരും വായ്പയെടുത്തും കടംവാങ്ങിയും പണയം വെച്ചുമാണ് പദ്ധതികള്‍ നടപ്പാക്കിയത്. അതിനാല്‍ കടക്കെണിയിലാണെന്ന് ഇവര്‍ പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവുകള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞെങ്കിലും പലയിടങ്ങളും ഫണ്ട് കിട്ടുന്നില്ല. മാര്‍ച്ചിന് മുമ്പ് തീര്‍ക്കേണ്ട പദ്ധതികളില്‍ പലതും പൂര്‍ത്തിയാക്കാനാകില്ല. ഫണ്ട് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ള തദ്ദേശ ജനപ്രതിനിധികള്‍. അതേസമയം ട്രഷറിയില്‍ പണം ഇല്ലാതാവുന്നതോടെ ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായി ഇടപാടുകള്‍ പൂര്‍ണമായി തടസ്സപ്പെടാതിരിക്കാനാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വകുപ്പുകള്‍ക്ക് അഞ്ചുലക്ഷം വരെയുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണം ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ചിലര്‍ പറയുന്നു.
യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ബജറ്റ് അവതരിപ്പിച്ചതും പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ആരോപിക്കുന്നു. എല്ലാ വീഴ്ചകള്‍ക്കും കേന്ദ്രത്തെ കുറ്റം പറയുന്ന പതിവ് രീതി ധനമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാര തുകയായി 1600 കോടി രൂപാ കേന്ദ്രം കൈമാറാത്തതാണ് പ്രതിസന്ധിയുടെ മുഖ്യ കാരണമായി ധനമന്ത്രി മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നത്. ബജറ്റില്‍ വകയിരുത്തിയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് അനുസരിച്ചേ കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കൂ. എല്ലാ സംസ്ഥാനങ്ങളോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha
























