ഒടുവിൽ മുഖ്യമന്ത്രി സമ്മതിച്ചു ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നു; സ്ത്രീകൾക്ക് സംസ്ഥാനത്ത് നിർഭയം നടക്കാമെന്നും നിർഭയം ജീവിക്കാമെന്നും നിരന്തരം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി സ്ത്രീ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും കേരളത്തിൽ വർധിക്കുകയാണെന്ന് നിയമസഭയിൽ സമ്മതിച്ചു

സ്ത്രീകൾക്ക് സംസ്ഥാനത്ത് നിർഭയം നടക്കാമെന്നും നിർഭയം ജീവിക്കാമെന്നും നിരന്തരം പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി സ്ത്രീ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും കേരളത്തിൽ വർധിക്കുകയാണെന്ന് നിയമസഭയിൽ സമ്മതിച്ചു.
തിരുവനന്തപുരം കുന്നത്തുകാലില്‍ വാസുവിന്റെ ചെറുമകളെ ഇക്കഴിഞ്ഞ ജനുവരി 6 ന് അനു എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മുത്തച്ഛനെ ആക്രമിച്ചശേഷം ചെറുമകളുടെ കഴുത്തില്‍ കറിക്കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ച ശേഷം സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് അതിലൊന്ന്.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അനുവും മരിച്ചു. ഇക്കാര്യത്തിൽ മുത്തച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ IPC 450, 302 വകുപ്പുകള്‍ പ്രകാരം ക്രൈം.36/2020 ആയി വെളളറട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇവർ തമ്മില്‍ മുമ്പ് പ്രണയത്തിലായിരുന്നുവെന്നും അനുവിന്റെ സ്വഭാവദൂഷ്യം കാരണം പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറിയ ശേഷവും അനു ശല്യം ചെയ്തിരുന്നതായും പോലീസ് അന്വേഷണത്തിൽ പറയുന്നു. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിലുളള വിരോധത്താല്‍ പെണ്‍കുട്ടിയുടെ വീട്ടീല്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
വലിയമല കുന്നത്തുമലയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനുമായ യശോധരന്‍ ഫെബ്രുവരി 5 ന് ലൈംഗികമായി പീഡിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 7 ന് വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്കോ നിയമ പ്രകാരം വലിയമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുളളതായി മുഖ്യമന്ത്രി പറഞ്ഞു.
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മരിച്ച കേസുകളില്‍ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ കേരളാ ഹൈക്കോടതിയില്‍ 6 അപ്പീലുകള്‍ നൽകിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മരണത്തെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നതിനായി മുൻ ജില്ലാ ജഡ്ജി പി .കെ.ഹനീഫയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. സി.ബി.ഐ. ഉള്‍പ്പെടെയുള്ള ഏത് അന്വേഷണവും മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല.
സ്ത്രീ സുരക്ഷാ നിയമങ്ങളെ സംബന്ധിച്ചും അവരുടെ അവകാശങ്ങളെ സംബന്ധിച്ചും ശക്തമായ ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. ഇതുവഴി ലഭിച്ച അറിവുകള്‍ വഴി കുട്ടികള്‍ അവര്‍ക്കു നേരെ ഉണ്ടായിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്ത് പറയാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം പരാതികളില്‍ കേസെടുത്ത് അന്വേഷിക്കുന്നതില്‍ പോലീസ് ജാഗ്രതയോടെ ഇടപെടുന്നുണ്ട്.
ഫലപ്രദമായ ഇടപെടലുകളുടെ ഭാഗമായി കേസുകളുടെ എണ്ണത്തില്‍ നാമമാത്രമായ വര്‍ദ്ധനവ് കാണാനാവുന്നുണ്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഊര്‍ജ്ജിതമായ അന്വേഷണവും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളും സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഷാനിമോൾ ഉസ്മാന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബോധവത്കരണം കാരണമാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തൽ അതിശയോക്തികരമാണ്. ലൈംഗിക പീഡനങ്ങൾ കർശനമായി തടയാൻ സർക്കാർ പരാജയപ്പെടുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. വാളയാർ ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പോലീസിന്റെയും നിയമത്തിന്റെയും ദുർബലമായ ഇടപെടലുകളാണ് ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണം.
https://www.facebook.com/Malayalivartha


























