ആഷിക് അബുവിനെ രക്ഷിക്കാൻ കമ്മികൾ രംഗത്ത്; കൊച്ചി മ്യൂസിക് ഫൗണ്ടേഷനായ കരുണക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതി അട്ടിമറിക്കാൻ ശ്രമം; സി പി എം എറണാകുളം ജില്ലാ സെക്രട്ടറി കരുണ ഭാരവാഹികളെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്

സംവിധായകൻ ആഷിക് അബുവിനും ബിജി പാലിനും കരുണയുടെ ഭാരവാഹികൾക്കും എതിരെ നടക്കുന്ന പോലീസ് അന്വേഷണം അട്ടിമറിക്കും. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി കരുണ ഭാരവാഹികളെ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
കൊച്ചി മ്യൂസിക് ഫൗണ്ടേഷനായ കരുണക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതിയാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. കളക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എറണാകുളം ജില്ലാ കളക്ടർ സ്വീകരിക്കുന്ന കരുണാ വിരുദ്ധ നിലപാടിൽ നിന്നും പിൻമാറാൻ അദ്ദേഹത്തിന് ശക്തമായ സമ്മർദ്ദം ഉണ്ട്. എന്നാൽ കളക്ടർ സുഹാസ് സി പി എം സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നില്ല. കളക്ടർ വഴങ്ങാതിരുന്നാൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ വരെ സാധ്യതയുണ്ട്. അത്ര മേൽ ശക്തമാണ് ആഷിക് അബുവിന്റെ ടീം. ഒപ്പം എറണാകുളത്തെ സഖാക്കളുടെ പൂർണ പിന്തുണ അദ്ദേഹത്തിന് നിർലോഭം ലഭിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാനെന്ന പേരിൽ കോടികൾ വെട്ടിക്കുകയായിരുന്നു കരുണയുടെ ലക്ഷ്യമെന്നാണ് ആക്ഷേപം. അറിയപ്പെടുന്ന സി പി എം നേതാക്കൾ തട്ടിപ്പിന് പിന്നിലുണ്ടെന്നും റിപ്പോർട്ടുണ്ട്. ജില്ലാ നേതാവിന് ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാണ്.
ഒക്ടോബർ 28 നാണ് സർക്കാർ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം പരിപാടിക്ക് വേണ്ടി സൗജന്യമായി അനുവദിച്ചത്. കളക്ടർ ചെയർമാനായ സമിതിയാണ് ഇതിന് അനുമതി നൽകിയത്. എന്നാൽ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് കളക്ടറുടെ വിശദീകരണം. അതേസമയം പരിപാടിക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നതെന്ന് പ്രചരണം സംഘാടകർ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള പരിപാടി എന്ന നിലയ്ക്കാണ് സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണമായിരുന്നു. കായിക മന്ത്രിയുടെ ഓഫീസും ഇടപെട്ടിരുന്നു.
സ്റ്റേഡിയം സൗജന്യമായി നൽകണമെന്ന ആവശ്യം റീജിയണൽ സ്പോർട്ട്സ് കൗൺസിൽ രണ്ട് തവണ നിരാകരിച്ചിരുന്നു. ഒക്ടോബർ 16 ന് ബിജിപാൽ നൽകിയ കത്തിനെ തുടർന്ന് സ്റ്റേഡിയം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു. അത് സി പി എം ജില്ലാസെക്രട്ടറിയുടെ സമ്മർദ്ദ ഫലമായിട്ടാണ്. മെട്രോയുടെ തൂണുകളിൽ പോലും പരിപാടിയുടെ പരസ്യം സൗജന്യമായി സ്ഥാപിക്കാൻ സമ്മർദ്ദം ഉണ്ടായി.
എറണാകുളം പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം സർക്കാരിന് കൈമാറിയെന്നാണ് ആഷിക് അബുവിന്റെ വിശദീകരണം. ഹൈബി ഈഡൻ ആരോപണം ഉന്നയിച്ച ശേഷം ഫെബ്രുവരി 14 നാണ് തുക കൈമാറിയത്. മലയാളത്തിലെ പ്രസിദ്ധരായ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ നിന്ന് 6.22 ലക്ഷം മാത്രം നൽകിയെന്ന് പറയുമ്പോൾ അത് അവിശ്വസനീയം തന്നെയാണ്. പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാർ സൗജന്യമായാണ് കലാപ്രകടനം നടത്തിയത്. 17 ലക്ഷം രൂപയുടെ നഷ്ടം തങ്ങൾക്ക് സംഭവിച്ചെന്നാണ് ആഷിക് അബുവിന്റെ വിശദീകരണം.
ആഷിക് അബുവിനെ സാമൂഹിക മാധ്യമങ്ങൾ പൊങ്കാലയിടുകയാണ്. കെ.എം. മാണി ബാർ കേസിൽ ആരോപണ വിധേയനായപ്പോൾ മണി ഓർഡർ അയച്ച് വാർത്താ ശ്രദ്ധ നേടിയ ആളാണ് ആഷിക് അബു. അദ്ദേഹമാണ് ഇപ്പോൾ അഴിമതികേസിൽ പ്രതിയായത്. കൊടുത്താൽ കൊല്ലത്ത് കിട്ടും എന്ന ആപ്തവാക്യം ശരിയായി വരികയാണ്.
https://www.facebook.com/Malayalivartha

























