കേന്ദ്രത്തെ വിളിക്കണോ... ശബരിമല പ്രക്ഷോഭ സമയത്ത് കെ. സുരേന്ദ്രനെ എഴുതി തള്ളിയാണ് പൊക്കി അകത്തിട്ടത്; അവിടെ നിന്ന് ഉയര്‍ന്നു വന്ന സുരേന്ദ്രന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല; തന്നെ വെറും ചീളായി കണ്ടവരുടെ മുമ്പില്‍ അപാര ശക്തിയായി സുരേന്ദ്രന്‍ മാറുമ്പോള്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ നാളെ ചുമതലയേല്‍ക്കുന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ സ്ഥാനമേല്‍ക്കുന്നത്. നാളെ 9 മണിക്ക് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
കനല്‍ കത്തുന്ന വേദനയോടെയാണ് കെ. സുരേന്ദ്രന്‍ ചുമതലയേറ്റത്. കഴിഞ്ഞ രണ്ട് തവണയും വഴിമാറിയ നറുക്കാണ് ഇത്തവണ കെ. സുരേന്ദ്രനു ലഭിച്ചത്. മുമ്പ് രണ്ടുതവണയും വഴിമുടക്കിനിന്ന ആര്‍.എസ്.എസ്. അയഞ്ഞതോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുഗമപ്രവേശം. ശബരിമല പ്രക്ഷോഭ സമയത്ത് പോലീസും സര്‍ക്കാരും സുരേന്ദ്രനെ വെറും ചീളായാണ് കണ്ടത്. അതിന്റെ ഫലമായി 22 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചാണ് സുരേന്ദ്രന്‍ ഉയര്‍ത്തെഴുന്നേറ്റത്. സുരേന്ദ്രന്റെ യുവ തുര്‍ക്കി പരിവേഷം സര്‍ക്കാര്‍ ഭയക്കുക തന്നെ വേണം. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ കടുത്ത പ്രക്ഷോഭങ്ങളുമായി സുരേന്ദ്രന്‍ വരുമെന്ന കാര്യം തീര്‍ച്ച. സുരേന്ദ്രന്‍ വരുന്നതോടെ യുവ ബിജെപിക്കാരും സടകുടഞ്ഞെണീക്കും.
തീഷ്ണ യുവത്വത്തിന്റെ കത്തിപ്പടരലാണു സുരേന്ദ്രന്റെ പ്രതിഛായ. കാവിരാഷ്ട്രീയത്തിലെ യുവതുര്‍ക്കി. കര്‍ഷക കുടുംബത്തില്‍ ജനനം. അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുന്ന പ്രസംഗ പാടവം. വി. മുരളീധരനാണ് അന്നും ഇന്നും രാഷ്ട്രീയ ഗുരു. എ.ബി.വി.പിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് കാലൂന്നിയപ്പോഴും ഒടുവില്‍ സംസ്ഥാന പ്രസിഡന്റായപ്പോഴും മുന്നിലുള്ളത് മുരളീധരന്‍ തന്നെ. കേന്ദ്രമന്ത്രി സഭയില്‍ ശക്തമായ സാന്നിദ്ധ്യമായി മുരളീധരന്‍ മാറികഴിഞ്ഞു. മുരളിധരനൊപ്പം പ്രവര്‍ത്തിച്ച സി.എല്‍. സന്തോഷ് സംഘടനാ സെക്രട്ടറിയുമായി. ഇതിന്റെ ഗുണഫലമായി കൂടെ സുരേന്ദ്രനു ലഭിച്ച പുതിയ പദവിയെ വിലയിരുത്താം.
എ.ബി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവകേന്ദ്ര ഡയറക്ടര്‍ ജനറലായിരുന്ന മുരളീധരന്‍ തന്നെയാണു സുരേന്ദ്രനെ ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങള്‍ പരിചയപ്പെടുത്തിയത്. ഡല്‍ഹിയെ കൈയിലെടുക്കാന്‍ ഹിന്ദി പഠിച്ചേ മതിയാകൂവെന്ന ഉപദേശം ലഭിച്ചതും ഇത്തരം യാത്രകളില്‍നിന്നുതന്നെ. ഇതില്‍ പിന്നെ എത്രയെത്ര ദേശീയ നേതാക്കളുടെ പ്രസംഗങ്ങളാണു സുരേന്ദ്രന്‍ സംസ്ഥാന വേദികളില്‍ ഭാവം ചോരാതെ മൊഴിമാറ്റിയതെന്നതിനു കണക്കുമില്ല.
കോവളം കൊട്ടാരം സമരം മുതല്‍ തെരുവില്‍ അടിക്കൊണ്ട് നേടിയ നേതൃസ്ഥാന പട്ടം, യുവമോര്‍ച്ച കാലം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതെ സംരക്ഷിക്കാന്‍ സാധിച്ചതാണു സുരേന്ദ്രന്റെ ഗുണം. ചാനല്‍ ചര്‍ച്ചകളിലും വേദികളിലും ഒരേപോലെ തിളങ്ങാനുള്ള നിശ്ചയദാര്‍ഢ്യവും ഗാംഭീര്യവും വേണ്ടുവോളം
ഗ്രൂപ്പ് രാഷ്ടീയം തന്നെയാണ് പ്രധാന വെല്ലുവിളി. മുരളീധര ഗ്രൂപ്പിന്റെ കുന്തമുനയെന്ന ലേബലില്‍നിന്ന് പുറത്തുവന്നു സമവായ നേതാവെന്ന പക്വതയിലേക്ക് വളരാന്‍ സുരേന്ദ്രന് സാധിക്കേണ്ടതുണ്ട്.
ബി.ജെ.പിയുടെ തലപ്പത്ത് ആര് വന്നാലും അവരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കുകയെന്നത് പതിവുരീതിയാണ്. ഈ പ്രചാരണത്തില്‍ വീണുപോകരുതെന്ന നിര്‍ദേശം അണികള്‍ക്കു കൈമാറിക്കഴിഞ്ഞു. സുരേന്ദ്രനെതിയുണ്ടായേക്കാവുന്ന സാമൂഹിക മാധ്യമ പ്രചാരണത്തെ ഗ്രൂപ്പ് മറന്ന് ചെറുക്കണമെന്നാണു നിര്‍ദേശം.
സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ബി.ഡി.ജെ.എസിലെ പ്രതിസന്ധിയാണു മറ്റൊരു പ്രശ്‌നം. തന്റെതാണ് യഥാര്‍ത്ഥ ബി.ഡി.ജെ.എസ് എന്ന് അവകാശപ്പെട്ട് സുഭാഷ് വാസു രംഗത്തെത്തികഴിഞ്ഞു. അദ്ദേഹത്തിന് ആര്‍.എസ്.എസിന്റെ രഹസ്യ പിന്തുണയുമുണ്ട്. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ ഇക്കാര്യത്തില്‍ രണ്ടിലൊരു തീരുമാനം കൈക്കൊള്ളുകയെന്നത് തന്നെയാകും സുരേന്ദ്രനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പും വരുന്നു. കീഴ്ഘടകങ്ങളെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കുകയെന്നതുതന്നെയാണു പ്രധാന വെല്ലുവിളി.
https://www.facebook.com/Malayalivartha

























