‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി

കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിലും വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. ‘കതിർ’പദ്ധതിയുടെ ഭാഗമായാണ് ഏകീകൃത ഡിജിറ്റൽ കർഷക തിരിച്ചറിയൽ സംവിധാനം നടപ്പാക്കുന്നത്.
ഇതോടൊപ്പം മുട്ടിൽ സ്മാർട്ട് കൃഷിഭവന്റെയും സോയിൽ ഹെൽത്ത് കാർഡ് പദ്ധതിയുടെയും ഉദ്ഘാടനവും നടന്നു. കതിർ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ വിവരങ്ങളുമായി ബന്ധിപ്പിച്ച് ഓരോ കർഷകനും യൂണീക് ഫാർമർ ഐഡന്റിറ്റി നൽകുകയാണ് സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ ലക്ഷ്യം.
കാർഡിലെ ക്യു.ആർ കോഡ് ഉപയോഗിച്ച് അംഗീകൃത സംവിധാനങ്ങളിലൂടെ കർഷകന്റെ കതിർ പ്രൊഫൈലുമായി ബന്ധിപ്പിച്ച വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാൻ കഴിയും. കാർഡിൽ ഉൾപ്പെടുത്തിയ എംബഡഡ് ചിപ്പ് ഭാവിയിൽ വിവിധ കാർഷിക സേവനങ്ങൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ, സേവന ഇടപാടുകൾ എന്നിവ സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിനും വെരിഫിക്കേഷൻ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്.
സംസ്ഥാനത്തെ 1,076 കൃഷിഭവനുകളിൽ തിരഞ്ഞെടുത്ത 14 സ്മാർട്ട് കൃഷിഭവനുകളിലാണ് സ്മാർട്ട് ഫാർമർ ഐഡി കാർഡ് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. കാർഡ് തയാറാക്കൽ, കർഷക വിവരങ്ങളുടെ പരിശോധനയും അംഗീകാരവും, പ്രിന്റിങ്, ഡിജിറ്റൽ സംവിധാനങ്ങളുമായുള്ള ബന്ധിപ്പിക്കൽ തുടങ്ങിയവ പൈലറ്റ് ഘട്ടത്തിൽ പരിശോധിക്കും. തുടർന്ന് ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha

























