മലപ്പുറം കുറ്റിപ്പുറം എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി; ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായത്

ആവർത്തിക്കുന്ന റാഗിങ് വാര്‍ത്തകള്‍ കേട്ട് കേരളം ഞെട്ടുകയാണ്.എത്രതന്നെ ശിക്ഷകൾ നൽകിയാലും കാമ്പസുകളിലെ റാഗിങ് വാർത്തകൾ വീണ്ടും വീണ്ടും വർദ്ധിക്കുകയാണ്. ഇപ്പോഴിതാ മലപ്പുറം എം ഇ എസ് കോളേജിൽ നിന്നും കേൾക്കുന്ന വാർത്തയും അത്ര ശുഭകരമല്ല .മലപ്പുറം കുറ്റിപ്പുറം എം.ഇ.എസ് കോളജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ കര്‍ണപടം പൊട്ടി. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായത്.
കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിടെയാണ് അബ്ദുള്ള യാസിന് ഗുരുതരമായി പരുക്കേല്‍ക്കുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന മുറികള്‍ വൃത്തിയാക്കാനാണ് ആദ്യം പറഞ്ഞത്. പിന്നീട് ശുചിമുറി വൃത്തിയാക്കാനും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതരായ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് അബ്ദുള്ള യാസിനിന്റെ ഇടത് ചെവിയില്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യാസിനിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കര്‍ണപടം പൊട്ടിയെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും അറിയിച്ചതോടെ വിദ്യാര്‍ഥിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്, മുഹമ്മദ് ആദില്‍, മുഹമ്മദ് നൂര്‍ഷിദ്, ഹഫീസ്, അദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മാനവികതയും മനസ്സാക്ഷിയും സമൂഹത്തിൽ നിന്നും അപ്രത്യക്ഷമാകുമ്പോൽ അത് കലാലയങ്ങളിലേക്കും വ്യാപിക്കും എന്നതിന്റെ തെളിവാണ് നമ്മുടെ കാലയങ്ങളിലെ ഇത്തരം പ്രവണതകൾ. പുറത്തറിഞ്ഞ റാഗിങ്ങുകളേക്കാൾ പുറത്തറിയാത്തവയാണ് കൂടുതലും. പരാതിപ്പെട്ടാൽ സീനിയേഴ്‌സിൽ നിന്നുണ്ടാവുന്ന ഭീഷണികൾ ഭയന്ന് മാതാപിതാക്കളെപ്പോലും മിക്കവരും ഇതൊന്നും അറിയിക്കാറില്ല. സഹിക്കുന്നതിന്റെ പരമാവധിയും പിന്നിടുന്നതോടെ ഇരകളിൽ ചിലർ ജീവിതംതന്നെ അവസാനിപ്പിച്ചിട്ടുണ്ടാവും. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും കലാലയം പേടിസ്വപ്നമായി കാണുന്നവരും നിരവധിയാണ്. നിയമം എത്ര ശക്തമാക്കിയിട്ടും റാഗിങ്ങെന്ന ക്രൂരവിനോദത്തെ കാമ്പസുകളിൽനിന്ന് തുടച്ചുനീക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. നവാഗതരെ സംരക്ഷിക്കേണ്ട കലാലയ അധികാരികൾപോലും പലപ്പോഴും കുറ്റകൃത്യത്തിന് മറപിടിക്കുന്നു. റാഗിങ്ങിനെതിരെ സമൂഹ മനഃസാക്ഷി ഒന്നടങ്കം രംഗത്തുവരേണ്ട സമയം അതിക്രമിച്ചിട്ടുണ്ട് എന്നതാണ് ഇത്തരം വാർത്തകൾ നൽകുന്ന മുന്നറിയിപ്പുകൾ.
https://www.facebook.com/Malayalivartha

























