കണ്ണീരോര്‍മകള്‍ സ്‌നിജോയ്ക്ക് നല്‍കി അനു യാത്രയായി!

എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം വാഴപ്പിള്ളി വീട്ടില്‍ ജോസിന്റെ മകന്‍ സ്‌നിജോയും ബെംഗളൂരുവില്‍ പാരാ മെഡിക്കല്‍ കമ്പനിയില്‍ ജോലിക്കാരിയായ അനുവും തമ്മില്‍ വിവാഹിതരായത് ഇക്കഴിഞ്ഞ ജനുവരി 19-നായിരുന്നു. അനു ബോണ്ട് കാലാവധി കഴിയും വരെ ഒരു വര്‍ഷം കാത്തിരുന്നാണു സ്‌നിജോയെ വിവാഹം കഴിച്ചത്. ഖത്തറില്‍ എന്‍ജിനീയറാണു സ്‌നിജോ.
മധുവിധുയാത്ര വിദേശത്താക്കാം എന്നായിരുന്നു അവര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവര്‍ ആ യാത്ര ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു. ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തും വഴി അനു ബെംഗളൂരുവില്‍ ജോലിസ്ഥലത്തിറങ്ങി. സ്‌നിജോ നാട്ടിലേക്കും പോന്നു. വിദേശത്തേക്കു മടങ്ങാനൊരുങ്ങുന്ന സ്‌നിജോയെക്കാണാന്‍, ശിവരാത്രിയുടെ അവധിയെടുത്ത് നാട്ടിലേക്കു വരുന്നതിനിടെയായിരുന്നു അവിനാശിയിലെ അപകടം. പുലര്‍ച്ചെ മൂന്നോടെ ബസ് എത്തുമെന്നറിഞ്ഞ സ്‌നിജോ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി കാത്തിരുന്നു. കാണാതായതോടെ അനുവിനെ വിളിച്ചപ്പോള്‍ ഫോണെടുത്ത ആരോ ആണ് അപകടവിവരം അറിയിച്ചത്.
ഇതോടെ സ്‌നിജോ അവിനാശിയിലേക്കു പോവുകയായിരുന്നു. പല ആശുപത്രികളില്‍ കയറിയിറങ്ങിയ ശേഷമാണു മരണവാര്‍ത്ത അറിയുന്നത്. ബെംഗളൂരു ദുര്‍ഗാ കോളജില്‍ നിന്നു കാര്‍ഡിയാക് പെര്‍ഫ്യൂഷനിസ്റ്റ് കോഴ്‌സ് പാസായാണ് അനു ജോലി നേടിയത്. എയ്യാല്‍ കൊള്ളന്നൂര്‍ വര്‍ഗീസിന്റെ മൂന്നു മക്കളില്‍ ഇളയവളാണ് അനു. മര്‍ഗിലിയാണ് മാതാവ്. മൃതദേഹം സ്‌നിജോയുടെ വീട്ടിലെത്തിച്ചപ്പോള്‍ മന്ത്രി എ.സി. മൊയ്തീന്‍ അടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്നു എയ്യാലിലെ വീട്ടിലേക്കു കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























