കണ്ണീര്‍ പ്രണാമം; അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നു സംസ്കരിക്കും

കോയമ്ബത്തൂര്‍-സേലം ദേശീയപാതയില്‍ അവിനാശി മേല്‍പ്പാലത്തിനു സമീപം കെ എസ് ആര്‍ ടി സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നു സംസ്കരിക്കും. പാലക്കാട് മംഗലാംകുന്ന് പുളിഞ്ചിറക്കളരിക്കൽ ഉദയാ നിവാസിൽ ശിവകുമാറിന്റെ സംസ്കാരം രാവിലെ തിരുവില്വാമല െഎവര്‍മഠത്തില്‍ നടക്കും. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച ശിവകുമാര്‍. പട്ടാമ്പി തിരുവേഗപ്പുറ കൊണ്ടപ്പറമ്പ് കളത്തിൽ രാഗേഷ് ശശിധരന്റെ മൃതദേഹം െചറുതുരുത്തിയില്‍ സംസ്കരിക്കും. മെഡിക്കൽ റപ്രസെന്റേറ്റീവായ രാഗേഷ് ഒരു യോഗത്തിൽ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ പോയി തിരികെ വരുമ്പോഴാണ് അപകടത്തില്‍പെട്ടത്.
പാലക്കാട് നഗരത്തിലെ ചന്ദ്രനഗർ ശാന്തികോളനിയില്‍ നയങ്കര വീട്ടിൽ റോസ്‌ലി ജോണിന്റെ മൃതദേഹം രാവിലെ പതിനൊന്നിന് സംസ്കരിക്കും. പിരിവുശാല പ്രോവിഡൻഷ്യൽ ദേവാലയത്തിൽ ശുശ്രൂഷയ്ക്കു ശേഷം യാക്കര സെമിത്തേരിയിലാണ് സംസ്കാരം. അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലുള്ള മരുമകൾ സോന സണ്ണിയുടെ ജോലി ആവശ്യത്തിനായി തിങ്കളാഴ്ച ബെംഗളൂരുവിലേക്കു പോയി തിരിച്ചുവരുകയായിരുന്നു.
മരിച്ച എറണാകുളം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. എറണാകുളം സ്വദേശികളായ ഏഴുപേരുടെയും സംസ്കാരം ഇന്ന് നടക്കും. ബസിന്‍റെ ഡ്രൈവര്‍ ഗിരീഷിനും കണ്ടക്ടര്‍ ബൈജുവിനും എറണാകുളം ഡിപ്പോയിലെ സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രണ്ട് ദിവസം മുൻപ് കെഎസ്ആർടിസിയുടെ ആർഎസ് 784 ബസില്‍ ഒരുമിച്ച് ബെംഗളൂരുവിലേക്കു പോയ സഹപ്രവര്‍ത്തകരാണ് ചേതനയറ്റ് രണ്ട് സമയത്തായി സ്വന്തം ഡിപ്പോയിലേക്ക് തിരികെ വന്നത്. രാത്രി എട്ടരയോടെ ബൈജുവിന്‍റെ മൃതദേഹം ആണ് ആദ്യമെത്തിച്ചത്. ആംബുലന്‍സിനകത്ത് തന്നെ വച്ച മൃതദേഹത്തില്‍ കലക്ടറും ജനപ്രതിനിധികളും സഹപ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു.
രണ്ടു മണിക്കൂര്‍ കൂടി പിന്നിട്ട് പത്തരയോടെയാണ് ഗിരിഷിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറു കണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ ഒൻപതരയ്ക്കാണ് ബൈജുവിന്‍റെ സംസ്കാരം.
ഇടപ്പള്ളി സ്വദേശി ഐശ്വര്യയുടെയും തൃപ്പൂണിത്തുറ സ്വദേശി ഗോപികയുടെയും മൃതദേഹങ്ങള്‍ രാത്രിയോടെ വീട്ടിലെത്തിച്ചു. ഗോപികയുടെ സംസ്കാരം പത്തു മണിക്കും ഐശ്വര്യയുടെ സംസ്കാരം പതിനൊന്ന് മണിക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. അങ്കമാലി സ്വദേശി ജിസ്മോന്‍റ് സംസ്കാരവും പതിനൊന്നോടെ നടക്കും.
https://www.facebook.com/Malayalivartha

























