ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അക്രമം: എബിന്‍ പെരേരയ്ക്കും കൂട്ടാളിക്കും 7 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

2017 മാര്‍ച്ച് രണ്ടിന് മുണ്ടയ്ക്കല്‍ പുത്തന്‍നട ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് രാത്രി ഗാനമേള നടക്കുമ്പോള്‍ നൃത്തം ചെയ്ത യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട എബിന്‍ പെരേരയ്ക്കും (മംഗള്‍ പാണ്ഡേ), കൂട്ടാളി ജാക്‌സണ്‍ ഡിക്രൂസിനും 7 വര്‍ഷം വീതം കഠിന തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ. കൊല്ലം രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത് ആണ് ശിക്ഷ വിധിച്ചത്.
ജാക്‌സണ്‍ ഡിക്രൂസ് വിലക്കിയിട്ടും യുവാക്കള്‍ നൃത്തം ചെയ്തതിനെ തുടര്‍ന്ന് ജാക്‌സണ്‍, എബിന്‍ പെരേരയെ കൂട്ടിക്കൊണ്ടു വന്നു. നൃത്തം ചെയ്യരുതെന്ന് എബിന്‍ ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അതിനിടെ എബിന്‍ കത്തി കൊണ്ട് മുണ്ടയ്ക്കല്‍ സൗഹൃദ നഗര്‍ എസ്എസ് മന്‍സിലില്‍ ശ്യാമിനെ കുത്തുകയായിരുന്നു. തടസ്സം പിടിക്കാന്‍ എത്തിയ ശബരിനാഥ്, രാജേഷ്, വിവേക്, ജയചന്ദ്രന്‍ എന്നിവരെയും ആക്രമിച്ചു. ജനക്കൂട്ടത്തെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശ്യാം, ശബരീനാഥ്, വിവേക് ജയചന്ദ്രന്‍ എന്നിവരെയും വിസ്തരിച്ചു.
സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സാക്ഷികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എബിനെതിരെ 12-ലേറെ കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കാപ്പ പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടവിലാണ്. പ്രതികള്‍ പിഴ ഒടുക്കിയാല്‍ ഇതില്‍ നിന്നും പരുക്കേറ്റവര്‍ക്ക് തുക നല്‍കണമെന്നും വിധിയിലുണ്ട്. ഇരവിപുരം സബ് ഇന്‍സ്‌പെക്ടര്‍ ദോയ്തി സുധാകര്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബി.പങ്കജാക്ഷനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























