മാതൃഭാഷാ ദിനമായ ഇന്ന് സ്‌കൂളിലെ താരങ്ങള്‍ ഈ വംഗനാട്ടുകാര്‍!

സീതത്തോട് കെആര്‍പിഎം സ്‌കൂളിലെത്തിയാല്‍ കൊല്‍ക്കത്ത സ്വദേശികളായ മുഹമ്മദ് സെയ്ഖിനേയും നൂര്‍ മുസമദ് ഗായറുനിഷ ഗാതുണിനേയും പരിചയപ്പെടാം. മുഹമ്മദ് സെയ്ഖ് പ്ലസ് ടുവിനും സഹോദരി നൂര്‍ മുസമദ് ഗായറുനിഷ ഗാതുണ്‍ ഏഴാം ക്‌ളാസ്സിലുമാണ് പഠിക്കുന്നത്. മാതൃഭാഷാ ദിനമായ ഇന്ന് സ്‌കൂളിലെ താരങ്ങള്‍ ഇവരാണ്.
9 വര്‍ഷം മുന്‍പ് കൊല്‍ക്കത്തയില്‍നിന്ന് ജോലി തേടി മൂത്ത മകന്‍ മബൂദിനൊപ്പം കേരളത്തിലെത്തിയ കെട്ടിട നിര്‍മാണ തൊഴിലാളിയായ കമലിന്റെ 3 മക്കളില്‍ ഇളയവരാണ് ഇരുവരും. മക്കളുടെ തുടര്‍ പഠനം എങ്ങനെ നടക്കുമെന്ന ആശങ്കയിലായിരുന്നു കമല്‍. കുട്ടികള്‍ക്കു പഠിക്കണമെന്ന അതിയായ താല്‍പര്യം കൂടിയായതോടെ കെആര്‍പിഎം സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു. മുസമദ് മൂന്നിലും മുഹമ്മദ് എട്ടിലുമാണ് ചേര്‍ന്നത്.
ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചായിരുന്നു തുടക്കം. ആദ്യം അല്പം ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും ഇരുവരും ഇപ്പോള്‍ ക്ലാസില്‍ മുന്നിലാണെന്ന് അധ്യാപകര്‍. ഇരുവര്‍ക്കും സഹായവും പ്രോത്സാഹനവുമായി അധ്യാപകരും കൂട്ടുകാരും എത്തിയതോടെ മലയാളം ഇവര്‍ക്കിന്ന് ബംഗാളി പോലെ വഴങ്ങും.
ഭക്ഷണത്തില്‍ മാത്രമാണ് ഇന്നും പൊരുത്തപ്പെടാന്‍ കഴിയാത്തത്. ഉച്ചഭക്ഷണം തുടക്കം മുതല്‍ വീട്ടില്‍നിന്ന് കൊണ്ടുവരും. മലയാളം, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ഇവര്‍ അനായാസം കൈകാര്യം ചെയ്യും. ഏതു പഠിക്കാനാണ് ഏറെ പ്രയാസമെന്ന് ചോദിച്ചാല്‍ മലയാളം എന്നുതന്നെയാണ് ഉത്തരം. എങ്കിലും മലയാളത്തോടാണ് ഇരുവര്‍ക്കും പ്രിയം. പ്ലസ്ടു പരീക്ഷയുടെ തയാറെടുപ്പിലാണ് മുഹമ്മദ്. ഇന്നലെ ഹാള്‍ ടിക്കറ്റ് വാങ്ങി. തുടര്‍ പഠനവും കേരളത്തില്‍ത്തന്നെയാക്കാനാണ് താല്‍പര്യം.
https://www.facebook.com/Malayalivartha

























