ഗൃഹനാഥന്റെ ആത്മഹത്യ: മകന്റെ മേല്‍ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

പത്തനംതിട്ട വാഴുവേലില്‍ ചന്ദ്രശേഖരന്‍പിള്ളയെ (68) ഇക്കഴിഞ്ഞ 17-ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. 39-കാരനായ മകന്‍ ശ്രീകുമാറാണ് അറസ്റ്റിലായത്. മക്കളായ ശ്രീകുമാര്‍, ജയകുമാര്‍ എന്നിവര്‍ക്കൊപ്പം താമസിച്ചിരുന്ന ചന്ദ്രശേഖരന്‍പിള്ള വീടിനു സമീപം മാടക്കട നടത്തുകയായിരുന്നു.
പിതാവും മക്കളുമായി മദ്യപാനവും വഴക്കും പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. 13 വര്‍ഷം മുന്‍പ് മരത്തില്‍നിന്നു വീണ് ശാരീരികബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് ജയകുമാര്‍. സംഭവത്തിനു തലേന്നു ശ്രീകുമാറുമായി വഴക്കുണ്ടാകുകയും ചന്ദ്രശേഖരന്‍പിള്ളയുടെ കൈയില്‍ കത്തികൊണ്ടു മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലിന് ഒടിവു സംഭവിച്ചതായും പറയുന്നുണ്ട്.
മകന്റെ ആക്രമണത്തില്‍ മനംനൊന്താണ് വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ചതെന്നാണ് നിഗമനം. ഇതിന്റെയടിസ്ഥാനത്തിലാണ് സിഐ ടി.രാജപ്പന്‍, എസ്‌ഐ എസ്.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിതാവിനെ ആക്രമിച്ചതും ആത്മഹത്യാ പ്രേരണക്കുറ്റവുമാണ് കേസ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























