അസമിൽനിന്ന് അതിഥി തൊഴിലാളിയായ യുവാവിന്റെ ഭാര്യ മണിരാൻ നെസ്സ ഇവർ താമസിക്കുന്ന ഒറ്റമുറിയിൽ പ്രസവിച്ചു; ചോര പടർന്നതും വീടിന്റെ ഉടമസ്ഥനായ ചേട്ടൻ വന്ന് വഴക്കു പറഞ്ഞ് ഇറക്കിവിട്ടു; താങ്ങായി ആരോഗ്യപ്രവർത്തകർ

കുഞ്ഞനുജൻ വന്നപ്പോൾ സന്തോഷിക്കേണ്ടതിനു പകരം അമ്മ കരഞ്ഞതുകണ്ട് ആശങ്കപ്പെടുകയാണ് അഞ്ചുവയസ്സുകാരി അഗലീന. മുറിയിൽ മുഴുവൻ ചോര പടർന്നതും വീടിന്റെ ഉടമസ്ഥനായ ചേട്ടൻ വന്ന് വഴക്കു പറഞ്ഞ് ഇറക്കി വിട്ടതും എന്തിനാണെന്നൊന്നും അവൾക്ക് മനസ്സിലായിട്ടില്ല. അനിയൻ വന്നതുകൊണ്ട് ഇനി കളിക്കാൻ ഒരാളായി എന്നതിന്റെ സന്തോഷമുണ്ട് അവൾക്ക്. അസമിൽനിന്ന് അതിഥി തൊഴിലാളിയായി പെരുമ്പാവൂരിലെത്തിയ യുവാവിന്റെ ഭാര്യ മണിരാൻ നെസ്സ കഴിഞ്ഞ ദിവസം വാഴക്കുളത്ത് ഇവർ താമസിക്കുന്ന ഒറ്റമുറിയിൽ പ്രസവിക്കുകയായിരുന്നു.
ചോരവാർന്നു കിടന്ന, പൊക്കിൾകൊടി മുറിഞ്ഞിട്ടില്ലാത്ത അമ്മയെയും കുഞ്ഞിനെയും ഇയാൾ ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കു കയറ്റിവിടുകയായിരുന്നത്രേ. ആശുപത്രിയിൽ പ്രസവത്തിന്റെ ബാക്കി കാര്യങ്ങളെല്ലാം പൂർത്തിയാക്കിയെങ്കിലും രക്തം വാർന്നു പോയി യുവതി ഗുരുതരാവസ്ഥയിലായിരുന്നു. വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം സനിത റഹീം ആശുപത്രിയിൽ വേണ്ട സൗകര്യങ്ങളൊരുക്കി. ഇതിനിടെ വിവരം വി.പി. സജീന്ദ്രൻ എംഎൽഎയെ അറിയിക്കുകയായിരുന്നു.
യുവതിക്ക് അടിയന്തരമായി രക്തം നൽകേണ്ടി വരുമെന്നും ജനറൽ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുമെന്നും ആശുപത്രിയിൽനിന്ന് അറിയിച്ചതിനെ തുടർന്ന് എംഎൽഎ ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ടു. ആർഎംഒ ഡോ. പി.ജെ. സിറിയക് വേണ്ട സൗകര്യങ്ങൾ പെട്ടെന്ന് ഒരുക്കിയതോടെ ഇവിടേക്കു മാറ്റി. ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതിയുടെ നില ഗുരുതരമായിരുന്നു. ഹീമൊഗ്ലോബിൻ കൗണ്ട് മൂന്നിലേക്കു താഴ്ന്നു. മരണം വഴിമാറിയത് തലനാരിഴയ്ക്കായിരുന്നെന്ന് ഡോ. പി.ജെ. സിറിയക് പറയുന്നു. ആശുപത്രിയിൽ ഇവരുടെ ചെലവുകൾക്കും ഭക്ഷണത്തിനുമെല്ലാം കാന്റീൻ നടത്തിപ്പുകാരൻ സെയ്തും ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തുന്ന പീറ്ററും മുൻകൈ എടുത്തു.
രക്തം കയറ്റി മൂന്നു ദിവസം വിശ്രമിച്ചതോടെ യുവതി ആരോഗ്യസ്ഥിതി വീണ്ടെടുത്തു. അസമീസ് അല്ലാതെ മറ്റൊരു ഭാഷയും ഇവർക്ക് അറിയാത്തതിനാൽ ആശയവിനിമയത്തിന് ആശുപത്രി ജീവനക്കാര്‍ വല്ലാതെ പ്രയാസപ്പെട്ടിരുന്നു. അതിനിടെ ആശുപത്രിയിലെത്തിയ മറ്റൊരു രോഗിയുടെ ബൈ സ്റ്റാൻഡർ വഴിയാണ് ഇവരുമായി സംസാരിച്ചിരുന്നത്. ഭർത്താവ് ഇവരെ വാഴക്കുളത്തു താമസിപ്പിച്ച് ജോലിക്കായി മറ്റെവിടെയോ പോയെന്നു പറയുന്നുണ്ട്. അയാൾ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുകയാണെന്ന് ഇവർ പറഞ്ഞതായും ജീവനക്കാർ പറയുന്നു.
ആരോഗ്യം വീണ്ടെടുത്തതോടെ ഇവരെയും മകളെയും പിഞ്ചുകുഞ്ഞിനെയും എവിടേക്കുമാറ്റുമെന്നതായിരുന്നു ആശങ്ക. ഇതിനിടെ എംഎൽഎയും പഞ്ചായത്ത് അംഗവും ചേർന്ന് ഇവർക്ക് പെരുമ്പാവൂരിൽത്തന്നെ താമസ സൗകര്യം ഒരുക്കുകയായിരുന്നു. അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനുള്ള സംവിധാനം ഉപയോഗിച്ച് ഇവർക്കും ഭക്ഷണം നൽകണ്ട് സംവിധാനവും വി.പി. സജീന്ദ്രൻ എംഎൽഎ ഇടപെട്ട് ഏർപെടുത്തിയിട്ടുണ്ട്,. ഗൈനക്കോളജിസ്റ്റ് ഡോ. നർഗീസാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്
https://www.facebook.com/Malayalivartha

























