റോഡ് ഇടിഞ്ഞു താഴ്ന്നു, കടമുറിയുള്‍പ്പടെ റോഡിലേക്ക് താണു!

കോട്ടയത്ത് നവീകരണം നടക്കുന്ന ഇല്ലിക്കല്‍- തിരുവാര്‍പ്പ് റോഡിന്റെ മീനച്ചിലാര്‍ കടന്നുപോകുന്ന ഭാഗം 50 മീറ്ററോളം ഇടിഞ്ഞു താഴ്ന്നു. ഇല്ലിക്കല്‍ കവല കഴിഞ്ഞുള്ള റോഡിന്റെ ഭാഗം ഇന്നലെ രാത്രി 9.30-നാണ് മീനച്ചിലാറിലേക്ക് ഇടിഞ്ഞു വീണത്. 4 അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കടമുറിയും ഇടിഞ്ഞുവീണു.
കഴിഞ്ഞ ദിവസം തന്നെ റോഡില്‍ വിള്ളല്‍ രൂപപ്പെടുകയും റോഡിന്റെ വശം ആറ്റിലേക്ക് ഇടിഞ്ഞു തുടങ്ങുകയും ചെയ്തിരുന്നു. കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍, കെട്ടിടത്തില്‍ താമസിച്ചിരുന്ന തൊഴിലാളികളെ ഇന്നലെ സന്ധ്യയോടെ സിപിഎം ഇല്ലിക്കല്‍ ഓഫിസിലേക്കു മാറ്റിയതിനാല്‍ ദുരന്തം ഒഴിവായി. ഗതാഗതം പൂര്‍ണമായും നിലച്ചു.
പ്രസ്തുത കെട്ടിടത്തിനോടു ചേര്‍ന്നുള്ള മറ്റൊരു കടമുറിയും ഭാഗികമായി താഴ്ന്നു. ഇവിടുത്തെ സാധനങ്ങള്‍ നാട്ടുകാര്‍ സമീപത്തുള്ള മറ്റു കടകളിലേക്കു മാറ്റി. സമീപത്തുള്ള 4 വീട്ടുകാരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. പാലീസ് സ്ഥലത്തെത്തി.
മീനച്ചിലാറിനോടു ചേര്‍ന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ബലപ്പെടുത്താതെയാണു റോഡില്‍ പൂഴി മണ്ണിട്ടത്. റോഡിലെ ഭാരം കൂടിയപ്പോള്‍ സംരക്ഷണ ഭിത്തിയുടെ അടി വഴി മണ്ണ് ആറ്റിലേക്ക് ഇടിഞ്ഞതാകാം റോഡ് താഴാന്‍ കാരണമെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടു വൈദ്യുത പോസ്റ്റുകള്‍ നിലംപൊത്തിയതോടെ പ്രദേശത്തെ വൈദ്യുതി വിതരണം മുടങ്ങി. ഇതു പുനഃസ്ഥാപിക്കാനുള്ള ശ്രമം രാത്രി വൈകിയും നടക്കുകയാണ്.
മീനച്ചിലാറിന്റെ വളവു ഭാഗമാണിത്. കുത്തൊഴുക്കു സമയത്തു വെള്ളം റോഡിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചാണ് ഒഴുകുന്നത്. തകര്‍ന്ന സംരക്ഷണ ഭിത്തി രണ്ടു വര്‍ഷം മുന്‍പാണു പണിതത്. റോഡ് നവീകരണം നടത്തിയപ്പോള്‍ ഇവിടം ബലപ്പെടുത്തിയില്ലെന്നു പരാതിയുണ്ട്. 4.25 കോടി ചെലവഴിച്ചാണു റോഡ് നവീകരണം നടത്തുന്നത്.
റോഡിന് അടിയിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍ കഴിഞ്ഞ ദിവസം പൊട്ടിയിരുന്നു. ഇതുമൂലം മണ്ണ് ഒഴുകി നീങ്ങിയതാകാം മണ്ണ് ഇടിയാനുള്ള കാരണമെന്നു തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























