കോഴിത്തീറ്റ കിട്ടാതായതോടെ കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ കൊന്നൊടുക്കുന്നു, 6000 കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി!
ഫാമുകളില്‍ ലോക് ഡൗണിനെത്തുടര്‍ന്ന് കോഴിത്തീറ്റ കിട്ടാതായതോടെ കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ കൊന്നൊടുക്കുന്നു. ഞീഴൂര്‍ പഞ്ചായത്തില്‍ 22 ദിവസം പ്രായമായ 6,000 കോഴിക്കുഞ്ഞുങ്ങളെ ഇന്നലെ കൊന്നൊടുക്കി. കാട്ടാമ്പാക്ക് ചാമക്കാല ബെന്നി സ്കറിയ, ചാമക്കാല അനി, പത്മവിലാസം അനി, ചിറപ്പാട്ട് കുര്യാച്ചന്, കിഴക്കേപ്പറമ്പില്‍ മാത്യൂസ് എന്നിവരാണ് ഫാമുകളിലെ കോഴികളെ കൊന്നത്.
ഈസ്റ്റര്‍ വിഷു വിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ പതിമൂവായിരത്തോളം കോഴികള്‍ 5 പേരുടെ ഫാമുകളിലായി ഉണ്ട്.
ലോക്ഡൗണ്‍ ആയതിനാല്‍ കോഴിത്തീറ്റ ലോറികള്‍ കേരളത്തിലേക്കു വരുന്നില്ല. തമിഴ്നാട്ടില്‍ നിന്ന് പിറവം, വട്ടപ്പാറ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ എത്തുന്ന കോഴിത്തീറ്റ, ഫാമുകളില്‍ എത്തിച്ചാണ് കോഴികള്‍ക്കു നല്‍കിയിരുന്നത്. 2500 കോഴികളുള്ള ഷെഡില്‍ 2000 കിലോയോളം തീറ്റ ഒരാഴ്ച വേണ്ടി വരും.
ഒരു കോഴിക്കുഞ്ഞിന് 25 രൂപ എന്ന നിരക്കില്‍ വാങ്ങി ഫാമുകളില്‍ 22 ദിവസം വളര്‍ത്തിയതിനു ശേഷം ഒരാഴ്ചയിലധികമായി തീറ്റ കിട്ടാനില്ലാതെ വന്നതോടെയാണ് കൊന്നൊടുക്കാന്‍ തീരുമാനിച്ചതെന്ന് ഫാം ഉടമയായ ചാമക്കാല ബെന്നി സ്കറിയ പറഞ്ഞു.
ചാക്കില്‍കെട്ടി ചാകാനായി ഇടും, പരസ്പരം കൊത്തിക്കൊല്ലുകയാണ് ചെയ്യുന്നത്. ഓരോ കര്‍ഷകനും 2 ലക്ഷത്തോളം രൂപ വീതം നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha