പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമേ മദ്യം നല്‍കൂ; മദ്യം വാങ്ങണമെങ്കില്‍ പാലിക്കേണ്ട ബവ്കോ നിര്‍ദേശങ്ങള്‍

ലോക്ഡൗണിനുശേഷം ബവ്റിജസ് ഷോപ്പുകളും വെയര്‍ഹൗസുകളും തുറക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കി. ബവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകളില്‍ മദ്യം വാങ്ങാനെത്തുന്നവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമേ കടത്തിവിടൂ. ഇതിന് ആവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍ ബവ്കോ ആസ്ഥാനത്തുനിന്ന് നല്‍കുമെന്ന് എംഡിയുടെ സര്‍ക്കുലറില്‍ പറയുന്നു. മെയ് 3 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നീട്ടാനും ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാരിനാണ് അധികാരം. രോഗവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ മദ്യ വ്യാപാരം അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പായി ബവ്റിജസ് ഔട്ട്ലറ്റുകളുടേയും വെയര്‍ഹൗസുകളുടെയും പരിസരം അണുവിമുക്തമാക്കണമെന്ന് എംഡിയുടെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി അംഗീകാരമുള്ള ഏജന്‍സികളെ ഏല്‍പ്പിക്കണം. ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണം.
ഇതു വാങ്ങാനുള്ള പണം ഷോപ്പുകളില്‍നിന്നും എടുക്കാം. സാമൂഹ്യ അകലം പാലിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഷോപ്പുകളുടേയും വെയര്‍ഹൗസുകളുടെയും അകവും പുറവും വൃത്തിയാക്കണം. എക്സൈസ് ഓഫിസുകളെ അറിച്ചുവേണം ഇതു ചെയ്യാന്‍. എല്ലാ ഷോപ്പുകളിലും വിപണനത്തിനാവശ്യമായ മദ്യം ഉണ്ടെന്ന് മാനേജര്‍മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
മദ്യശാലകള്‍ തുറക്കുമ്പോള്‍ കര്‍ശനമായ നിര്‍ദേശങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം, മാസ്‌ക് ധരിക്കാതെ എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാന്‍ പുറത്ത് ഉദ്യോഗസ്ഥരുണ്ടാകും, മദ്യശാലകള്‍ക്ക് പുറത്ത് കൃത്യമായി നില്‍ക്കേണ്ട സ്ഥാനവും പാലിക്കേണ്ട അകലവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും, മദ്യ ശാലകള്‍ക്കുമുന്നില്‍ ക്യൂവില്‍ വന്ന് നില്‍ക്കുന്നതിനു മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ പുരട്ടുകയും വേണം, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അളവില്‍ കൂടുതല്‍ മദ്യം ആരെങ്കിലും വാങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
അതുപോലെതന്നെ ബിവറേജസ് കോര്‍പറേഷന്‍ എംഡി. പത്തിന നിര്‍ദ്ദേശങ്ങളും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാര്‍ തയ്യാറായിരിക്കണം. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അറിയിച്ചാലുടന്‍ ഷോപ്പുകള്‍ തുറന്ന് വൃത്തിയാക്കണം. ജീവനക്കാരെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും എംഡി പറയുന്നു. മെയ് മൂന്നിന് ദേശീയ ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ അതിന് ശേഷം മദ്യ ശാലകള്‍ തുറന്നേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മദ്യശാലകള്‍ തുറക്കാനൊരുങ്ങണമെന്ന നിര്‍ദ്ദേശം എംഡി ജീവനക്കാര്‍ക്ക് നല്‍കുന്നത്. അതുപോലെതന്നെ ബിവറേജസ് കോര്‍പറേഷന്‍ മാനേജര്‍മാര്‍ക്ക് വിശദമായ മര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസും നല്‍കിയിട്ടുള്ളത്. മദ്യശാലകള്‍ വൃത്തിയായി സൂക്ഷിക്കണം മാസ്‌കുകള്‍ ധരിക്കണം ഹാന്റ് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഉള്ളത്.
മാത്രമല്ല സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദ്ദേശം കൂടി പരിഗണിച്ചാകും. മാത്രമല്ല ഹോട്ട് സ്‌പോട്ടുകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ലെന്നതടക്കം കര്‍ശന വ്യവസ്ഥകളും ഉണ്ടായേക്കും. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന മുറക്ക് സാധ്യമായിടത്തെല്ലാം മദ്യശാലകള്‍ തുറക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം . അതനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha



























