നാവികസേനയുടെ കപ്പല്‍ 'മഗറി'ല്‍ 202 പ്രവാസികള്‍ കൂടി തീരമണഞ്ഞു, 91 മലയാളികള്‍

ഇന്നലെ വൈകിട്ട് കൊച്ചി തീരത്തെത്തിയ നാവികസേനയുടെ കപ്പല്‍ 'മഗറി'ല്‍ മാലദ്വീപില്‍ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികള്‍ കൂടി തിരിച്ചെത്തി. ഇവരില്‍ 23 പേര്‍ സ്ത്രീകളാണ്. 18 ഗര്‍ഭിണികളും 3 കുട്ടികളുമുണ്ട്.
സ്വന്തം വീടുകളിലേക്കു പോകാന്‍ അനുമതി നല്‍കിയത് കേരളത്തില്‍ നിന്നുള്ള ഗര്‍ഭിണികള്‍, പ്രായം ചെന്നവര്‍, ചികിത്സ ആവശ്യമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ്. മറ്റുള്ളവരെ അതതു ജില്ലകളിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. 81 തമിഴ്‌നാട്ടുകാരെ ബസുകളില്‍ അയച്ചു. ബാക്കിയുള്ള ഇതര സംസ്ഥാനക്കാരെ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാക്കി.
സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യാത്രക്കാരെ സ്വീകരിച്ചു. ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി മാലദ്വീപില്‍ നിന്നു കൊച്ചിയിലെത്തിയ രണ്ടാമത്തെ നാവികസേനാ കപ്പലാണു മഗര്‍. ഞായറാഴ്ച ഐഎന്‍എസ് ജലാശ്വ 698 പ്രവാസികളുമായെത്തിയിരുന്നു.
മാലദ്വീപിലുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കു വിമാനസര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഹൈക്കമ്മിഷന്‍ അറിയിച്ചു. കേരളം, ലക്ഷദ്വീപ് നിവാസികളായ 700 പേരെ നാവികസേനയുടെ കപ്പല്‍ ജലാശ്വ 15-ന് ഒഴിപ്പിക്കുമെന്നും മാലയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























