ആ സ്വപ്നം പൂവണിഞ്ഞു; അച്ഛന്റെ ആത്മാവിനെ സാക്ഷിയാക്കി കാര്‍ത്തികയുടെ കഴുത്തില്‍ കൃഷ്ണദേവ് താലികെട്ടി ; മകളുടെ വിവാഹത്തിനായുള്ള യാത്രാമധ്യേ മരണപ്പെട്ട പരമേശ്വരന്‍ മൂത്തത് എന്ന അച്ഛന്റെ ആഗ്രഹം സഫലമായി, ചെറുപ്പത്തിലേ അമ്മ മരിച്ച കാര്‍ത്തികയെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുകയെന്നത് ആ അച്ഛന്റെ ജീവിതാഭിലാഷമായിരുന്നു

മകളുടെ വിവാഹത്തിനായുള്ള യാത്രാമധ്യേ മരണപ്പെട്ട പരമേശ്വരന്‍ മൂത്തത് എന്ന അച്ഛനെ കുറിച്ച് കേരളം കേട്ടതാണ്,വേദനയോടെയാണ് അന്ന് നാമെല്ലാം ആ വാര്‍ത്ത കേട്ടത് . ആ അച്ഛന്റെ സ്വപ്നം ഒടുവില്‍ പൂവണിഞ്ഞിരിക്കുകയാണ് . അന്ന് അച്ഛന്റെ കൈ പിടിച്ചു കതിര്‍ മണ്ഡപത്തിലേക്ക് തിരിച്ച മകള്‍ കാര്‍ത്തികയ്ക്ക് കൃഷ്ണദേവ് താലിചാര്‍ത്തി.
ആ സമയത് കാണാമറയത്തിരുന്ന് ആ അച്ഛന്റെ ആത്മാവും സന്തോഷത്തോടെ അനുഗ്രഹം ചൊരിഞ്ഞിരിക്കാം,ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ , ആകെ ഒറ്റപെട്ടു പോയപ്പോള്‍ കൈവിടാതെ ചേര്‍ത്തുപിടിച്ച കൈകളില്‍തന്നെ മകളെ സുരക്ഷിതമായി ഏല്‍പ്പിച്ചതിന്...
ഏപ്രില്‍ 29-ന് നടക്കേണ്ടതായിരുന്നു വൈക്കം ഉദയനാപുരം വാതുക്കോടത്ത് ഇല്ലത്ത് വി.എസ്. പരമേശ്വരന്‍ മൂത്തതിന്റെ മകള്‍ കാര്‍ത്തികയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍ കൃഷ്ണദേവും തമ്മിലുള്ള വിവാഹം. കോവിഡ് -19 നെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ ലളിതമായ ചടങ്ങില്‍ വിവാഹം നടത്താന്‍ പരമേശ്വരന്‍ മൂത്തതും മകള്‍ കാര്‍ത്തികയും സഹോദരന്‍ കണ്ണനും മാത്രം 28-ന് വടകര ഓര്‍ക്കാട്ടേരിയിലേക്ക് യാത്രതിരിച്ചു.
എന്നാല്‍ പയ്യോളിയില്‍ എത്തിയപ്പോള്‍ പരമേശ്വരന്‍ മൂത്തത് കുഴഞ്ഞുവീണു. ഉടന്‍ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു . ചെറുപ്പത്തിലേ അമ്മ മരിച്ച കാര്‍ത്തികയെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുകയെന്നത് ഏതൊരച്ഛനെയും പോലെ ഇദ്ദേഹത്തിന്റെയും ജീവിതാഭിലാഷമായിരുന്നു. എന്നാല്‍ കൈയെത്തും ദൂരെ ആ സ്വപ്നം പൊലിഞ്ഞു പോയി. മക്കളായ കാര്‍ത്തികയും കണ്ണനും തകര്‍ന്നുപോയ ആ നിമിഷത്തില്‍ വരന്‍ കൃഷ്ണദേവും കുടുംബവുമാണ് കാര്‍ത്തികയ്ക്കും സഹോദരനും താങ്ങായിനിന്നത്. കൃഷ്ണദേവും ബന്ധുക്കളും ആംബുലന്‍സില്‍ മൃതദേഹവുമായി വൈക്കത്തേക്കുപോയി. എല്ലാ ചടങ്ങുകള്‍ക്കും ഇവര്‍ കാര്‍ത്തികയ്ക്കും സഹോദരനും താങ്ങായിനിന്നു.
മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞശേഷം ചൊവ്വാഴ്ച കൃഷ്ണദേവ് കാര്‍ത്തികയ്ക്ക് താലിചാര്‍ത്തി. ഈ സാഹചര്യത്തില്‍ ആ കുടുംബത്തിന് ഇതിലും വലിയ സുരക്ഷിതത്വമില്ലെന്ന തിരിച്ചറിവിലാണ് പെട്ടെന്നുതന്നെ കല്യാണം നടത്തിയത്. ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്തെ ദേവീസന്നിധിയിലായിരുന്നു ചടങ്ങ്. കൃഷ്ണദേവിന്റെ അടുത്തബന്ധുക്കളും കാര്‍ത്തികയുടെ സഹോദരന്‍ കണ്ണനും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പുഴക്കര കേശമംഗലത്തില്ലത്ത് വിഷ്ണുനമ്പൂതിരി കാര്‍മികത്വം വഹിച്ചു.
"
https://www.facebook.com/Malayalivartha



























