സാമൂഹിക മാധ്യമത്തിലൂടെ അസഭ്യപ്രയോഗം; നിയമം വേണമെന്ന് ഹൈക്കോടതി

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോര് അതിരുവിടുന്നുവെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടു സമൂഹം അതേരീതിയില്‍ പ്രതികരിക്കുന്നതു നിയമവാഴ്ചയെത്തന്നെ തകിടംമറിക്കുമെന്നതിനാല്‍ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വാക്പോരും വിദ്വേഷ പ്രചരണവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹൈക്കോടതി.
സാമൂഹിക മാധ്യമത്തിലൂടെ അസഭ്യപ്രയോഗം നടത്തിയെന്ന കേസില്‍ നമോ ടിവി അവതാരക ശ്രീജ പ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടം മറിക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പോലീസ് ജാഗരൂകരാകണമെന്ന് കോടതി ഡി.ജി.പിയോടു നിര്‍ദേശിച്ചു. നാട്ടില്‍ ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യമായ രീതിയില്‍ പോരടിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത കാട്ടണമെന്നും കോടതി നിര്‍ദേശിച്ചു. അര ലക്ഷം രൂപ, രണ്ട് ആള്‍ജാമ്യം എന്നീ ഉപാധികളിലാണ് ശ്രീജ പ്രസാദിനു ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha



























