ജൂണ്‍ ഒന്നിന് പ്രവേശനോത്സവമുണ്ടാകില്ല.... ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കും, ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയായിരിക്കും

ജൂണ്‍ ഒന്നിന് പ്രവേശനോത്സവമുണ്ടാകില്ല.... ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കും, ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയായിരിക്കും. ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള പുതിയപാഠം കൂടിയാകും. ഒന്നിലും പതിനൊന്നിലും പുതിയ പ്രവേശനമായതിനാല്‍ ഇവയൊഴികെയുള്ള ക്ലാസുകളിലാകും അധ്യയനം. ഏഴ് പീരിയഡുള്ള പതിവുരീതിയിലായിരിക്കില്ല ക്ലാസ്. രാവിലെ തുടങ്ങുമ്പോള്‍ ആദ്യ പീരിയഡ് അഞ്ചാംക്ലാസിനാണെങ്കില്‍ രണ്ടാംപീരിയഡ് ആറാംക്ലാസിനോ ഏഴാംക്ലാസിനോ ആകാം. ഒമ്പതിനും നാലിനുമിടയിലുള്ള സമയത്ത് ഇങ്ങനെ വിവിധ ക്ലാസുകളിലേക്കുള്ള അധ്യയനം നടക്കും. വിശദ ടൈംടേബിള്‍ തയാറാക്കുന്നതേയുള്ളൂ.തിരഞ്ഞെടുത്ത ക്ലാസുകള്‍ രാത്രി വീണ്ടും പ്രക്ഷേപണം ചെയ്യും. അധ്യാപകരും ക്ലാസ് കേള്‍ക്കണം. ക്ലാസിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളുമായി വാട്സാപ്പ് ഗ്രൂപ്പിലൂടെ ചര്‍ച്ചനടത്തി സംശയനിവാരണം നടത്താം.
സംസ്ഥാനാടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്. സാധാരണ ക്ലാസിന് മുക്കാല്‍ മണിക്കൂറാണെങ്കിലും ഓണ്‍ലൈനായെടുക്കുമ്പോള്‍ അരമണിക്കൂറില്‍ നിശ്ചിത പാഠഭാഗം പഠിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. അരമണിക്കൂറുള്ള മൊഡ്യൂളുകളാണ് ഐ.ടി. മിഷന്‍ തയ്യാറാക്കുന്നത്.
ഐ.ടി. സങ്കേതങ്ങളുപയോഗിച്ച് എങ്ങനെ ക്ലാസെടുക്കാമെന്ന് മറ്റ് അധ്യാപകര്‍ക്കുകൂടി മനസ്സിലാക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.ഓണ്‍ലൈന്‍ വഴി പഠിപ്പിച്ച ഭാഗങ്ങള്‍ സ്‌കൂള്‍തുറക്കുമ്പോള്‍ വീണ്ടും പഠിപ്പിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്‌കൂള്‍ തുറന്നെത്തുമ്പോള്‍ അധ്യാപകര്‍ക്ക് കുട്ടികളെ വിലയിരുത്തി ഇക്കാര്യം തീരുമാനിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഒരാഴ്ചയില്‍ സാധാരണ അധ്യയനദിവസങ്ങളില്‍ പഠിപ്പിക്കാന്‍ കിട്ടുന്നത്ര സമയം ഓണ്‍ലൈന്‍ വഴി ലഭിക്കില്ലെന്നതാണ് പോരായ്മ. എന്നാല്‍ ദൃശ്യാവിഷ്‌കാരത്തോടെ പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും ക്ലാസില്‍ ശ്രദ്ധിച്ചിരിക്കാനും കഴിയുമെന്നാണ് മറുവാദം.
വിക്ടേഴ്സ് ചാനല്‍ വഴിയായിരിക്കും ക്ലാസിന്റെ സംപ്രേഷണം. ഫോണിലും ടി.വി.യിലും കംപ്യൂട്ടറിലും ഇത് കാണാന്‍ സൗകര്യമേര്‍പ്പെടുത്തും. സംസ്ഥാനത്തെ 95 ശതമാനത്തിലധികം കുട്ടികള്‍ക്കും വീട്ടില്‍ ടി.വി.യോ നെറ്റ്‌സൗകര്യമുള്ള ഫോണോ, കംപ്യൂട്ടറോ ഉണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ് കണക്കാക്കുന്നത്.
ഈ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ ടി.വി, കംപ്യൂട്ടര്‍ എന്നിവയില്‍ ക്ലാസുകള്‍ കേള്‍ക്കാന്‍ അനുമതി നല്‍കും. സ്‌കൂള്‍ ദൂരെയാണെങ്കില്‍ തദ്ദേശസ്ഥാപനം വഴി ഇതിന് സൗകര്യമൊരുക്കാനും ആലോചനയുണ്ട്. ലോക്ഡൗണ്‍ ദീര്‍ഘിച്ചാല്‍ മുതിര്‍ന്ന ക്ലാസുകളിലെങ്കിലും ഭാഗിക അധ്യയനം ആരംഭിക്കാനാണ് ആലോചന.ജൂണില്‍ സ്‌കൂള്‍ തുറക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തല്‍. ജൂലായിലും തുറക്കാനായില്ലെങ്കില്‍ അധ്യയനത്തെ ബാധിക്കും. ഈ സാഹചര്യത്തില്‍ നിശ്ചിതദിവസങ്ങളില്‍ കുറച്ചുസമയം ഓരോ ക്ലാസിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ വരാന്‍ അനുമതി നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha



























