നിര്‍മല സീതാരാമന്റെ പുതിയ പ്രഖ്യാപനങ്ങളില്‍ ആശ്വാസം കൊണ്ട് തോമസ് ഐസക്ക്; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയത് വലിയ ആശ്വാസം നല്‍കിയെന്ന് ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അഞ്ചാം ദിവസത്തെ പത്ര സമ്മേളനം കഴിഞ്ഞപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസം. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയതാണ് അദ്ദേഹത്തിന് സമാധാനം നല്‍കിയത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ചികിത്സിക്ക് വരെ ഫീസ് ഈടാക്കാനുള്ള തീരുമാനം കേരളം എടുക്കാനിരിക്കെയാണ് നിര്‍മ്മലാ സീതാരാമന്‍ മാന്ത്രിക വടിയുമായി ഐസക്കിനെ സഹായിക്കാനെത്തിയത്.
നിലവില്‍ 2,92, 086. 9 കോടിയാണ് കേരളത്തിന്റെ പൊതു കടം. കോവിഡ് കാലം കഴിയുമ്പോള്‍ കേരളത്തിന്റെ കടം 3,25,542. 42 കോടിയായി ഉയരുമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കടം എടുപ്പ് പരിധി ഉയര്‍ത്താത്തതിനെതിരെ പ്രധാന മന്ത്രിക്കും ധനമന്ത്രിക്കും എതിരെ ധനമന്ത്രി തോമസ് ഐസക്ക് പരിധിയില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തിയാല്‍ പിടിച്ചു നില്‍ക്കാമെന്നാണ് ഐസക്ക് ആവര്‍ത്തിച്ചിരുന്നത് . കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 2011 ല്‍ അധികാരത്തിലെത്തിയപ്പോള്‍ കേരളത്തിന്റെ പൊതുകടം 78,673. 24 കോടിയായിരുന്നു. ഇത് 2015 മാര്‍ച്ച് 31 ആയപ്പോള്‍ 135440.24 കോടിയായി ഉയര്‍ന്നു. 2018 മാര്‍ച്ച് 31 ന് കേരളത്തിന്റെ പൊതു കടം 2, 14, 518 കോടിയായിരുന്നു.
ധൂര്‍ത്തടിക്കാനാണ് കേരളം കടം വാങ്ങുന്നതെന്ന കാര്യം നാട്ടില്‍ പാട്ടാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ കഴിഞ്ഞ ജനുവരി വരെ നാലായിരത്തോളം തസ്തികകളാണ് സൃഷ്ടിച്ചത്. ഏഴ് കൊലകേസുകള്‍ സി ബി ഐക്ക് വിടാതിരിക്കാന്‍ ഇറക്കുമതി ചെയ്ത അഭിഭാഷകര്‍ക്ക് നല്‍കിയത് 64 ലക്ഷമാണ്. ഓരോ സിറ്റിങ്ങിനും നല്‍കിയത് 15 ലക്ഷം വീതം. നവകേരളം സൃഷ്ടിക്കാന്‍ നിയമസഭ വിളിച്ചുചേര്‍ത്തതിന് ചെലവിട്ടത് കാല്‍കോടി. കടം വാങ്ങുന്ന പണം കൊണ്ട് സര്‍ക്കാര്‍ ജീവനകാര്‍ക്ക് ശമ്പളം കെടുക്കുകയാണ് ചെയ്യുന്നത്. ഭരണ പരിഷ്‌ക്കാര കമ്മീഷനും എ. സമ്പത്തും പോലുള്ള അനാവശ്യ ചെലവുകള്‍ വേറെ. കടം വാങ്ങി ധൂര്‍ത്തടിക്കുക എന്നത് തോമസ് ഐസക്കിന്റെ അടിസ്ഥാന നയമാണ്. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒടുവില്‍ കേരളത്തെ നോക്കി കണ്ണിറുക്കി ചിരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
എന്നാലും ഐസക്കിന് ചില വിയോജിപ്പുകള്‍ ഉണ്ട്. അത് റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ അനുവദിക്കാത്തതിലാണ്. ഒന്‍പതു ശതമാനം പലിശക്ക് വായ്പ എടുത്താല്‍ അത് സംസ്ഥാനത്തിന് നഷ്ടം വരുമെന്നാണ് ഐസക്ക് പറഞ്ഞത്. വായ്പ എടുക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളിലും കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതെന്തായാലും വകമാറ്റി കണക്ക് കാണിക്കാന്‍ ഐസക്കിന് ഒരു മടിയുമില്ല.
ഏതായാലും ഐസക്കിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ മദ്യവിപണനം ആരംഭിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ കൈയില്‍ നിന്നും പിടിച്ചു പറിച്ച തുക വേറെ. കോവിഡ് കാലത്ത് വിചാരിച്ച പോലെയൊന്നും പണം ചെലവായിട്ടില്ല. കോവിഡ് ചികിത്സ സര്‍ക്കാര്‍ ആശുപത്രികളിലായിരുന്നു. ആര്‍ക്കും വീട് വച്ച് കൊടുക്കേണ്ടി വന്നില്ല. എന്തിന് അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് പോലും എടുത്തു കൊടുക്കേണ്ടി വന്നില്ല. ജനകീയ അടുക്കളയിലെ പണം ചെലവാക്കിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായതിനാല്‍ അതു വഴിയും പണം ചെലവായില്ല.
കടം എടുക്കുന്ന തുക കൃത്യമായും പാവങ്ങളിലെത്തണമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രധാന നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. ഇനി 4. 28 ലക്ഷം കോടി അധികമായി കടമെടുക്കാം. കടം വാങ്ങുന്ന തുക പാവങ്ങളിലെത്തുമോ എ. കെ. ജി, സെന്ററിലെത്തുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha

























