മുത്തുമാലയിട്ട് ‘ടിക് ടോക്’ കല്യാണം; ചെന്ന് പെട്ടത് പോലീസിന്റെ മുൻപിൽ ;പിന്നെയല്ലേ ബഹുരസം; തൃശൂർ കൊരട്ടിയിലാണ് സംഭവം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് ‘ടിക് ടോക് കല്യാണങ്ങൾ . അങ്ങനെയൊരു ‘ടിക് ടോക്’ കല്യാണത്തിനു ശേഷം ബൈക്കിൽ കറങ്ങിയടിച്ച് വരികയായിരുന്നു യുവാവും യുവതിയും.അപ്പോഴാണ് മുന്നിൽ പോലീസ്. പൊലീസിനെ കണ്ടു യുവ മിഥുനങ്ങൾ പാഞ്ഞത് മരണവേഗത്തിൽ. ലോക്ഡൗൺ ലംഘിക്കുകയും കൈ കാണിച്ചിട്ടു നിർത്താതെ പോവുകയും ചെയ്തതിനു യുവാവിനെ വാഹന നമ്പർ ഉപയോഗിച്ചു പൊലീസ് പിടികൂടി. ഒടുവിൽ കിട്ടിയ മറുപടി ഇങ്ങനെയാണ് : ‘ബൈക്കിൽ ഒപ്പമുണ്ടായിരുന്നതു ഭാര്യയാണ് സർ. ടിക് ടോക്കിൽ ഞങ്ങളുടെ വിവാഹം നടത്തിയ ശേഷം മടങ്ങുന്ന വഴിയായിരുന്നു.’ യുവാവിനു നിയമപ്രകാരമുള്ള വിവാഹപ്രായം തികഞ്ഞതേയുള്ളൂ എന്നു കൂടി കേട്ടപ്പോൾ പൊലീസ് അമ്പരന്നു
ഞായറാഴ്ച രാവിലെ ഒൻപതോടെ തൃശൂർ ദേശീയപാതയോരത്തായിരുന്നു നാടകീയ സംഭവം. സിഐ ബി.കെ. അരുണും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ യുവതിയും യുവാവും ആഡംബര ബൈക്കിൽ എതിർദിശയിലൂടെ എത്തുകയായിരുന്നു . പൊലീസുകാരിലൊരാൾ കൈ കാണിച്ചെങ്കിലും യുവാവ് ‘വാഹനം നിർത്താതെ പാഞ്ഞു. പോലീസ് പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിനെ കണ്ടെത്തി.
പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം യുവാവ് സ്റ്റേഷനിലെത്തിയെങ്കിലും ബൈക്കോടിച്ച സമയത്തു താനിട്ട ഷർട്ട് അണിയിച്ചു സുഹൃത്തിനെയാണ് സിഐക്കു മുന്നിൽ ഹാജരാക്കിയത്. എന്നാൽ, പൊലീസ് ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് കാലുമാറി. യുവാവിനെ കയ്യോടെ പിടിച്ചു ചോദ്യം ചെയ്തപ്പോൾ പറഞ്ഞ കഥ ഇങ്ങനെ: ബെംഗളൂരുവിൽ പഠിക്കുന്ന നഴ്സിങ് വിദ്യാർഥിനിയുമായി ഇയാൾ സമൂഹ മാധ്യമമായ ടിക് ടോക്കിലൂടെ പരിചയത്തിലായി. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു.
യുവാവിനു വിവാഹപ്രായമെത്തും വരെ ഇവർ കാത്തിരിക്കുകയായിരുന്നു . ടിക് ടോക്കിലെ വിവാഹങ്ങൾ വൈറലാകുന്ന കാലമായതിനാൽ തങ്ങളുടെ വിവാഹവും അങ്ങനെ മതിയെന്നു തീരുമാനിച്ചു. അങ്ങനെ കൊരട്ടി സ്റ്റേഷൻ പരിധിയിലെ പള്ളിയിലെത്തി കയ്യിൽ കരുതിയ മുത്തുമാലകൾ പരസ്പരം അണിയിച്ചു. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡിയോ ചിത്രീകരിച്ചു.അങ്ങനെ വിവാഹമൊക്കെ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് മെഴുകുതിരി കത്തിക്കാൻ മറന്നുപോയെന്ന് രണ്ടുപേരും ഓർത്തത്.അതിനായി തിരികെ പോകുന്നതിനിടെയാണ് പൊലീസിനു മുന്നിൽ പെട്ടത്. ഏതായാലും സിഐ ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ താക്കീതു ചെയ്ത് അവർക്കൊപ്പം വിട്ടു.
https://www.facebook.com/Malayalivartha

























