കാലാവസ്ഥ പ്രവചനം ഇനി മുതൽ സ്വകാര്യ കമ്പനിക്ക്; 97 ലക്ഷം രൂപ പ്രതിഫലം നൽകാൻ സർക്കാർ ഉത്തരവ്; കാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങളിൽ തൃപ്തിയില്ലാത്തതിനെ തുടർന്ന് തീരുമാനം

കാലാവസ്ഥ പ്രവചനം ഇനി മുതൽ സ്വകാര്യ കമ്പനി പറയും. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിന് സ്വകാര്യ കമ്പനികൾക്ക് 97 ലക്ഷം രൂപ പ്രതിഫലം നൽകാൻ സർക്കാർ ഉത്തരവിറക്കി . കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങളിൽ തൃപ്തിയില്ലാത്തതിനെ ത്തുടർന്നായിരുന്നു സ്കൈമെറ്റ്, എർത്ത് നെറ്റ്വർക്സ്, ഐബിഎം വെതർ കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാൻ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമായത് . ദുരന്ത നിവാരണ ഫണ്ടിന്റെ 10% ആണ് ഇതിനായി ഉപയോഗിക്കുക. 2018 ലെ പ്രളയകാലത്ത് കേന്ദ്രകാലാവസ്ഥാ വകുപ്പുമായി ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഇപ്പോഴത്തെ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത് . കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യതയോടെ നൽകാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് പ്രളയ സമയത്ത് സർക്കാരിന്റെ ഭാഗത്തു നിന്ന് വിമർശനം ഉണ്ടായിരുന്നു. ഇതോടൊപ്പം ഉദ്യോഗസ്ഥതലത്തിലുള്ള ഭിന്നതയും സ്വകാര്യ ഏജൻസികളെ ആശ്രയിക്കാൻ കാരണമാകുകയായിരുന്നു .
സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റാൻ കാലാവസ്ഥാ വകുപ്പിന് കഴിയുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട് . 15 ഓട്ടോമേറ്റഡ് സ്റ്റേഷനുകളാണ് കാലാവസ്ഥാവകുപ്പിന് കേരളത്തിലുള്ളത്. 73 ഇടങ്ങളിലെങ്കിലും സ്റ്റേഷനുകൾ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പൂർത്തീകരിക്കാൻ കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞില്ല. കാലാവസ്ഥാ വകുപ്പിനുള്ളതിനേക്കാൾ സ്റ്റേഷനുകൾ സ്വകാര്യ ഏജൻസികൾക്ക് കേരളത്തിലുണ്ടെന്ന് അധികൃതർ പറഞ്ഞു .
https://www.facebook.com/Malayalivartha

























