ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ എംവിഎസ്ആർ എൻജിനീയറിംഗ് കോളേജിൽ ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി സോന നാരായൺ ദാസാണ് മരിച്ചത്.ആഘോഷത്തിനിടെ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന സ്റ്റാൻഡ് സോനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സോനയുടെ സഹോദരിക്കും ഈ അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശക്തമായ കാറ്റടിച്ചതിനെ തുടർന്നാണ് ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണതെന്നാണ് കോളജ് അധികൃതർ പറയുന്നത്. കോളേജിന്റെ വാർഷിക സാംസ്കാരിക - സാങ്കേതിക മേളയുടെ ഭാഗമായ ആഘോഷത്തിനിടെയാണ് ദുരന്തം നടന്നത്. വൈകുന്നേരം അഞ്ചരയ്ക്ക് ആരംഭിച്ച പരിപാടി അവസാനിക്കാൻ പത്തുമിനിട്ട് ശേഷിക്കേയാണ് അപകടം.
ആംബുലൻസ് സമയത്ത് എത്താതിരുന്നതിനാൽ പരിക്കേറ്റവരെ കോളജിലെ വാഹനങ്ങളിൽ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് കോളജ് ഡയറക്ടർ പ്രസന്നകുമാർ പറഞ്ഞു. വിദ്യാർത്ഥിനിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























