വേദന തിരിച്ചറിഞ്ഞ് കരയുകയും കൈകാലുകള് ഇളക്കുകയും ചെയ്തു; പിതാവിന്റെ ക്രൂര മര്ദനത്തിന് ഇരയായ പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില് നേരിയ പുരോഗതി

അങ്കമാലിയില് പിതാവിന്റെ ക്രൂര മര്ദനത്തിന് ഇരയായ പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയില് നേരിയ പുരോഗതി. കോലഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലുള്ള കുഞ്ഞ് മുലപ്പാല് കുടിച്ചതായി ആശുപത്രി അധികൃതര് അറിയിച്ചു. .തലച്ചോറിന് പരിക്കേറ്റതിനാല് തന്നെ ഇനിയുള്ള മണിക്കൂറുകള് വളരെ നിര്ണായകമാണ്.
രാവിലെ ആദ്യ മണിക്കൂറുകളില് കുട്ടി ബോധം വീണ്ടെടുത്തുവെന്ന് ഡോക്ടര്മാര് അറിയിച്ചിരുന്നു. അതിന്റെ സൂചനയെന്നോണം കുഞ്ഞ് വേദന തിരിച്ചറിഞ്ഞ് കരയുകയും കൈകാലുകള് ഇളക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക് വലിയ പുരോഗതി പ്രകടമാകുന്നതായി ഡോക്ടര്മാര് വ്യക്തമാക്കി.
തലയ്ക്കേറ്റ ക്ഷതത്തെ തുടര്ന്ന് തലയോട്ടിക്കും തലച്ചോറിനുമിടയിലുണ്ടായ രക്തസ്രാവം നീക്കം ചെയ്യുന്ന സങ്കീര്ണമായ ശസ്ത്രക്രിയയാണ് കുഞ്ഞിന് നടന്നത്. 54 ദിവസം മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന് ശ്രമിച്ച കേസില് പിതാവ് ചാത്തനാട്ട് വീട്ടില് ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും, പെണ്കുഞ്ഞ് ജനിച്ചതിലുള്ള നിരാശയാലുമാണ് ഇയാള് കുഞ്ഞിനെതിരെ ക്രൂരമായി പെരുമാറിയത്.
https://www.facebook.com/Malayalivartha

























