മലങ്കര മാര്ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. ജോസഫ് മാര്ത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറന്സിലൂടെ ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തു

മലങ്കര മാര്ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. ജോസഫ് മാര്ത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറന്സിലൂടെ ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തു. ഡോ.ജോസഫ് മാര്ത്തോമ്മാ മെത്രാപ്പോലീത്തയുടേത് രാജ്യത്തിനു സമര്പ്പിച്ച ജീവിതമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാര്ത്തോമാ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില് നിര്ണായക പങ്കുവഹിച്ചു. ദേശീയതയുടെ മൂല്യങ്ങളില് അടിയുറച്ചതാണ് സഭയുടെ പ്രവര്ത്തനമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാവിലെ സഭ ആസ്ഥാനമായ പുലാത്തീനില് സ്തോത്ര പ്രാര്ഥനയും കുര്ബാനയും നടന്നു. നവതി സമ്മേളനത്തില് വിവിധ സഭ, സാമൂഹിക, രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആശംസകള് അര്പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരുന്നു ജന്മദിനാഘോഷ ചടങ്ങുകള്.
മാര്ത്തോമ്മാ സഭാ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള മാരാമണ് പാലക്കുന്നത്ത് കുടുംബത്തിലാണ് മെത്രാപ്പോലീത്തയുടെ ജനനം. 1931 ജൂണ് 27ന് ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. പി.ടി. ജോസഫെന്നായിരുന്നു ആദ്യകാല പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനും ബംഗളൂരു തിയോളജിക്കല് കോളജിലെ ബിരുദ പഠനത്തിനും ശേഷം 1957 ജൂണ് 29ന് ശെമ്മാശനായും അതേവര്ഷം ഒക്ടോബര് 18ന് വൈദികനായും സഭാ ശുശ്രൂഷയില് പ്രവേശിച്ചു. 1975 ഫെബ്രുവരി എട്ടിന് ജോസഫ് മാര് ഐറേനിയോസ് എന്ന പേരില് മെത്രാപ്പോലീത്തയുമായി. പിന്നീട് സഭയുടെ സഫ്രഗന് മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്ത്തപ്പെട്ട അദ്ദേഹം 2007 ഒക്ടോബര് രണ്ടിന് മാര്ത്തോമ്മാ മെത്രാപ്പോലീത്തയായി.
"
https://www.facebook.com/Malayalivartha

























