റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ

പമ്പ- ചാലക്കയം റോഡിൽ രൂക്ഷമായ ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ. നവീകരണത്തിനെ ഭാഗമായി ഈ ഭാഗത്തെ റോഡ് പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായിരിക്കുന്നത്. ശബരിമല ദർശനത്തിന് ഭക്തരുമായെത്തിയ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇഴഞ്ഞുനീങ്ങുന്നത്.
കന്നിമാസപൂജകൾക്കായി അഞ്ച് ദിവസത്തേക്ക് തുറന്ന നട കഴിഞ്ഞ 25 ദിവസവും അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും ആ സമയത്ത് നവീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. ദേവസ്വം ബോർഡിന്റെ ഭാഗമായ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന പരാതിയെതുടർന്നാണ് സർക്കാർ ഏറ്റെടുത്തത്.
എന്നാൽ ഏറ്റെടുക്കൽ നടപടികളും ടെൻഡർ നടപടിക്രമങ്ങളും വൈകിയതാണ് റോഡിന്റെ അറ്റകുറ്റപ്പണി വൈകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. തുലാമാസപൂജകൾക്കായി നടതുറന്ന സാഹചര്യത്തിൽ വലിയരീതിയിലുള്ള ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ റോഡുപണി നടത്തുന്നത് അപകടങ്ങൾക്ക് കാരണമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
"
https://www.facebook.com/Malayalivartha

























