ശബരിമല വിശാല ബെഞ്ചില് കക്ഷി ചേരാന് യാക്കോബായ വിശ്വാസികള് സുപ്രീം കോടതിയെ സമീപിച്ചു; മതാചാരങ്ങള് നിശ്ചയിക്കാന് പ്രത്യേക മതവിഭാഗങ്ങള്ക്ക് അധികാരമുണ്ടെന്ന് സഭ

മതപരവും വിശ്വാസപരവുമായ ആചാരങ്ങളില് കോടതികള്ക്ക് എത്രത്തോളം ഇടപെടാന് കഴിയുമെന്ന് പരിശോധിക്കുന്ന ശബരിമല വിശാല ബെഞ്ചിന് മുമ്പിലുള്ള കേസില് കക്ഷി ചേരാന് യക്കോബായ സഭാ വിശ്വാസികള് സുപ്രീം കോടതിയെ സമീപിച്ചു. അനുപേക്ഷിണയമായ മതാചാരങ്ങള് നിശ്ചയിക്കാന് പ്രത്യേക മതവിഭാഗങ്ങള്ക്ക് അധികാരമുണ്ടെന്നും മതാചാരങ്ങള് നിശ്ചയിക്കാനുള്ള അധികാരം ആത്മീയ തലവന്മാര്ക്കാണെന്നും കേസില് കക്ഷി ചേരാന് നല്കിയ അപേക്ഷയില് യാക്കോബായ സഭാ വിശ്വാസികള് ചൂണ്ടിക്കാട്ടി.
അന്ത്യോഖ്യ പാത്രീയര്ക്കീസിനെ തങ്ങളുടെ ആത്മീയ തലവനായി പ്രഖ്യാപിക്കണമെന്ന് കക്ഷി ചേരാന് നല്കിയ അപേക്ഷയില് യാക്കോബായ സഭ വിശ്വാസികള് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്ത്യോഖ്യ പാത്രീയര്ക്കീസിന്റെ ആത്മീയ തലവന് സ്ഥാനം ഒരു കോടതിയും റദ്ദാക്കിയിട്ടില്ല. ഇപ്പോള് തങ്ങളുടെ പള്ളികളില് നിയമിക്കപ്പെടുന്ന പുരോഹിതന്മാര് അന്ത്യോഖ്യ പാത്രീയര്ക്കീസിനെ അംഗീകരിക്കാത്തവരാണെന്ന് അപേക്ഷയില് ആരോപിച്ചിട്ടുണ്ട്. ഇവര്ക്ക് അന്ത്യോഖ്യ പാത്രീയര്ക്കീസിന്റെ കൈവെപ്പില്ലെന്നും അഭിഭാഷകന് ഹാരീസ് ബീരാന് മുഖേനെ ഫയല് ചെയ്ത അപേക്ഷയില് ചൂണ്ടിക്കാട്ടി.
തങ്ങളുടെ പള്ളികളില് മാമ്മോദീസ, സ്ഥൈര്യലേപനം, കുര്ബാന, കുമ്പസാരം, രോഗീലേപനം, തിരുപ്പട്ടം, വിവാഹം തുടങ്ങിയ ഏഴ് കൂദാശകളും ശവസംസ്കാര ശുശ്രുഷയും നടത്തേണ്ടത് അന്ത്യോഖ്യ പാത്രീയര്ക്കീസിനെ അംഗീകരിക്കുന്ന പുരോഹിതരാകണമെന്നും അപേക്ഷയില് ആവശ്യപ്പെട്ടിട്ടുണ്ട്. ലെജി പോള്, എല്ദോസ് എം എസ്, സജി വടക്കേക്കര, ബൈജു കെ എം, മാത്യു കെ ജോണ് എന്നീ യാക്കോബായ വിശ്വാസികളാണ് സുപ്രീം കോടതിയില് അപേക്ഷ നല്കിയിരിക്കുന്നത്.
മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള് 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്നെന്നായിരുന്നു 2017 ല് ജസ്റ്റിസ്മാരായ അരുണ് മിശ്ര, അമിതാവ റോയ് എന്നിവര് അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ വിധി. 1913 ലെ ഉടമ്പടിയോ 2002ലെ ഭരണഘടനയോ അംഗീകരിക്കാനാവില്ലെന്നും കോടതി 2017 ലെ വിധിയില് വ്യക്തമാക്കിയിരുന്നു. ഈ വിധി നടപ്പിലാക്കി തുടങ്ങിയതോടെ യാക്കോബായ സഭയ്ക്ക് പല പള്ളികളും ഓര്ത്തോഡോക്സ് സഭയ്ക്ക് കൈമാറേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha

























