കോവിഡ് ഇളവുകൾ തീരുന്നു; എടിഎമ്മിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടവ..

കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്കിങ് രംഗത്തു നടപ്പാക്കിയ ഇളവുകളിൽ പലതും ഈ മാസത്തോടെ അവസാനിച്ചേക്കുമെന്ന് സൂചന. എടിഎമ്മിൽനിന്നു പണം പിൻവലിക്കൽ, മിനിമം അക്കൗണ്ട് ബാലൻസ് എന്നിവയുൾപ്പെടെയുള്ള ഇളവുകൾ അടുത്ത മാസം മുതൽ നിർത്തലാക്കിയേക്കാം എന്നാണ് സൂചന.. എന്നാൽ നിലവിൽ ഇത് സംബന്ധിച്ച പുതിയ നിർദേശങ്ങളൊന്നും തന്നെ വന്നിട്ടില്ല.
കോവിഡുമായി ബന്ധപ്പെട്ട് മൂന്നു മാസത്തേക്കാണു ബാങ്കിങ് അനുബന്ധ ഇടപാടുകളിൽ സർക്കാർ ഇളവുകൾ നൽകിയത്. ജൂൺ 30 വരെ എടിഎമ്മുകളിൽനിന്നു പണം പിൻവലിക്കാനുള്ള എല്ലാ ഇടപാട് ചാർജുകളും ധനമന്ത്രാലയം പിൻവലിച്ചിരുന്നു. പുതിയ അറിയിപ്പുകളൊന്നും വന്നില്ലെങ്കിൽ ഇളവുകൾക്കു മുമ്പുണ്ടായിരുന്ന നിലയിലേക്കു ജൂലൈ ഒന്നു മുതൽ ബാങ്കുകൾ മാറുമെന്നാണു ഈ മേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. എടിഎം പിൻവലിക്കൽ പരിധികളും മിനിമം ബാലൻസ് നിയമങ്ങളും ഓരോ ബാങ്കിനും വ്യത്യസ്തമാണ്.
മിനിമം ബാലൻസ് വേണമെന്നും ഇടപാടുകൾ നടത്തണമെന്നും ഇല്ലെങ്കിൽ പിഴയീടാക്കുമെന്നും മിക്ക ബാങ്കുകളും നിഷ്കർഷിക്കുന്നു. 44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് ചാർജുകൾ മാർച്ച് 10ന് എസ്ബിഐ എഴുതിത്തള്ളിയിരുന്നു. സ്വന്തം എടിഎമ്മുകളിൽ പ്രതിമാസം അഞ്ചും മറ്റു ബാങ്കുകളുടേതിൽ മൂന്നും സൗജന്യ ഇടപാടുകളാണു പൊതുവെ ബാങ്കുകൾ അനുവദിക്കുന്നത്. ഈ പരിധി കടന്നാൽ ഇടപാടിന്റെ തരം അനുസരിച്ച് 8 മുതൽ 20 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും.
സ്വന്തം എടിഎമ്മിലും അല്ലാതെയും നടത്തിയ എല്ലാ ഇടപാടുകളിലുമുണ്ടായ സർവീസ് ചാർജുകളും എസ്ബിഐ എഴുതിത്തള്ളിയിരുന്നു. ജൂൺ 30 വരെയാണ് ഈ സൗജന്യമെന്ന് എസ്ബിഐ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. മെട്രോ നഗരങ്ങളിൽ സാധാരണ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസം 8 സൗജന്യ ഇടപാട് നടത്താം. മെട്രോ ഇതര നഗരങ്ങളിൽ 10 സൗജന്യ എടിഎം ഇടപാടുകളാണ് ലഭിക്കുന്നതെന്നും എസ്ബിഐ വെബ്സൈറ്റിൽ പറയുന്നു. രണ്ടിടത്തും പരിധി കവിഞ്ഞാൽ ഉപയോക്താക്കളിൽനിന്നു പിഴയീടാക്കും.
https://www.facebook.com/Malayalivartha

























