കേന്ദ്ര ധനമന്ത്രിയുമായി അടുത്ത ബന്ധമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ; കെ എസ് ഇ ബിയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ പാനലും തമിഴ്നാട്ടിൽ വിൻഡ് മില്ലും; ടെക്സ്റ്റയിൽസ് ഉടമയായ പ്രവാസിയെ പറ്റിച്ചെടുത്തത് 1.04 കോടി രൂപ

സോളാർ കേസിൽ ബിജു രാധാകൃഷ്ണനും സിനിമാ-സീരിയൽ താരം ശാലു മേനോനും പ്രവാസിയെ ചതിച്ചത് ആൾമാറാട്ടം നടത്തി. കെ എസ് ഇ ബിയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ പാനലും തമിഴ്നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റയിൽ ഉടമയായ പ്രവാസിയെ കബളിപ്പിച്ച് 1.04 കോടി രൂപയാണ് വഞ്ചിച്ചെടുത്തത്. താൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഊർജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുളളതായും ബിജു അവകാശപ്പെട്ടിരുന്നതായാണ് പ്രവാസിയായ റാസിക് അലി വ്യക്തമാക്കിയത്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ വൈദ്യുതി ബിൽ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാർ വൈദ്യുതിയുടെ പേരിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിയായ റാസിഖ് അലിയിൽ നിന്നും 1,04,60,000 രൂപ പണമായും ചെക്ക് ലീഫായും കൈപ്പറ്റിയാണ് സോളാർ തട്ടിപ്പിനിരയാക്കിയത്. കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബിൽ നിരക്കിൽ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാർ പാനലും വിൻഡ്മില്ലുകളും സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നൽകിയാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യത്തിൽ ആകൃഷ്ടനായ പ്രവാസി പരസ്യത്തിൽ കൊടുത്ത ഫോൺ നമ്പരിൽ വിളിച്ചു. കൂടിക്കാഴ്ചക്ക് മുൻ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പ്രേരിപ്പിച്ച് സോളാർ പാനലും തമിഴ്നാട്ടിൽ വിൻഡ് മില്ലുകളും സ്ഥാപിച്ചു നൽകാമെന്നും വിശ്വസിപ്പിച്ച് 1, 04 , 60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്. താൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഊർജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുളളതായും ബിജു അവകാശപ്പെട്ടതായും അലി പോലീസിന് മൊഴി നൽകി. പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. താൻ നടത്തിയ അന്വേഷണത്തിൽ ബിജു രാധാകൃഷ്ണൻ ഓഫീസ് പൂട്ടി മുങ്ങിയതായി വെളിപ്പെട്ടതായും ആരോപിച്ചു.
കേസിൽ പ്രവാസി ജൂലൈ 2 ന് ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരത്തിനായി സാക്ഷിമൊഴി നൽകാനായാണ് പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പ്രവാസി റാസിക് അലിയെ കോടതി വിളിച്ചു വരുത്തുന്നത്. കേസിൻ്റെ വിചാരണ വിലക്കിക്കൊണ്ടുണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തതിൻ്റെ വെളിച്ചത്തിലാണ് കേസ് വിചാരണ ആരംഭിക്കുന്നത്. സ്വിസ് സോളാർ ടെക്നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ. ആർ.ബി. നായരെന്ന ബിജു രാധാകൃഷ്ണൻ , സിനിമാ-സീരിയൽ താരം ശാലു മേനോൻ എന്ന ശാലു വേണുഗോപാൽ , ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് വഞ്ചനാ കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾ.
പ്രവാസിയുടെ പരാതിയിൽ തമ്പാനൂർ പോലീസ് 2013 ൽ രജിസ്റ്റർ ചെയ്ത കേസ് സോളാർ തട്ടിപ്പു കേസുകൾ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2013 നവംബർ 30 ന് കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 406 ( വിശ്വാസ ലംഘനം ) , 419 ( ചതിക്കുന്നതിലേക്കായുള്ള ആൾമാറാട്ടം ) , 420 ( ചതിക്കുകയും ചതിക്കപ്പെട്ടയാളെ വഞ്ചനാപരമായി പ്രേരിപ്പിച്ചും കബളിപ്പിച്ചും പണം വാങ്ങുകയും ചെയ്യൽ ) , 471 ( വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ ) , 212 ( കുറ്റക്കാർക്ക് അഭയം കൊടുത്ത് ഒളിവിൽ പാർപ്പിക്കൽ ) , 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കോടതി ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























