മണിമലയാറ്റില് ചാടി ജീവനൊടുക്കാന് ശ്രമിച്ച 2 പെണ്കുട്ടികളില് ഒരാള് പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്

മുണ്ടക്കയത്തിനടുത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടു പെണ്കുട്ടികള് വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ കൈവരിയില് കയറി കൈകള് ഷാള് കൊണ്ട് പരസ്പരം കെട്ടിയ ശേഷം മണിമലയാറ്റില് ചാടി ജീവനൊടുക്കാന് ശ്രമിച്ചത്. നാട്ടുകാര് ഇരുവരെയും രക്ഷപ്പെടുത്തി.
വനിതാ പൊലീസ് നടത്തിയ കൗണ്സലിങ്ങില്, പെണ്കുട്ടികളില് ഒരാള് പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞു. രണ്ടാമത്തെ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനാഫലം. ഇവരില് ഒരാളെ പീഡിപ്പിച്ച കേസില് മൂന്നു യുവാക്കള് അറസ്റ്റിലായി. നാലാമന് ഒളിവിലാണ്.
എരുമേലി ചെറുവള്ളി എസ്റ്റേറ്റില് ചീരന്പടവില് രാഹുല്രാജ് (20), കോരുത്തോട് കണ്ണങ്കേരില് മഹേഷ് (20), കോരുത്തോട് ഏന്തംപടിക്കല് അനന്ദു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെണ്കുട്ടികള് ആത്മഹത്യാശ്രമം നടത്തിയ ദിവസം ഒളിവില്പോയ കോരുത്തോട് സ്വദേശി അജിത്തിനെ (20) പൊലീസ് തിരയുന്നു.
രണ്ടു പെണ്കുട്ടികളും പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ്. ഇവരില് ഒരാളെ നാലു വര്ഷത്തിനിടെ ഈ നാലു പ്രതികളും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പീഡനം പുറത്തറിയുമെന്ന് ഭയന്നാണ് വിദ്യാര്ഥിനികള് ജീവനൊടുക്കാന് ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.
ആദ്യത്തെ പെണ്കുട്ടിക്കു നാലു വയസ്സുള്ളപ്പോള് അമ്മ വേറൊരാളെ വിവാഹം കഴിച്ചു. പിന്നീടു കുട്ടിയുടെ അച്ഛനും വേറെ വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ വീട്ടില് കഴിയുമ്പോള് 12-ാം വയസ്സിലാണ് ആദ്യമായി ശാരീരികമായി ഉപദ്രവിക്കപ്പെട്ടത്. പിന്നീടു മറ്റു മൂന്നു പേരും പ്രണയം നടിച്ചു പീഡിപ്പിച്ചതായി മൊഴിനല്കി. ഈ വിവരം പുറത്തറിഞ്ഞതിനാലാണ് കൂട്ടുകാരിയെയും കൂട്ടി ജീവനൊടുക്കാന് തീരുമാനിച്ചതെന്നും പെണ്കുട്ടി മൊഴി നല്കി.
പ്രതികളുടെ മൊബൈല് ഫോണുകളിലേക്ക്, ജീവനൊടുക്കുമെന്ന വിവരം പെണ്കുട്ടി സന്ദേശമായി അയച്ചിരുന്നതായി ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്, ഇന്സ്പെക്ടര് ഷിബു കുമാര് എന്നിവര് പറഞ്ഞു. പാഞ്ചാലിമേട്, പെണ്കുട്ടിയുടെ വീട്, പ്രതികളുടെ വീടുകള് എന്നിവിടങ്ങളില് വച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























