'മിസ്റ്റര് യൂണിവേഴ്സ്' ചിത്തരേഷ് നടേശന് പ്രണയസാഫല്യം, ഉസ്ബക്കിസ്ഥാന്കാരി നസിബ വധു

2019-ലെ 'മിസ്റ്റര് യൂണിവേഴ്സ്' പട്ടം നേടിയ വടുതല സ്വദേശിയായ ചിത്തരേഷ് നടേശനും ഉസ്ബക്കിസ്ഥാന്ക്കാരിയായ നസിബയും വിവാഹിതരായി. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പാവക്കുളം ക്ഷേത്രത്തില് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നടന്ന ചടങ്ങില് 20 പേര് മാത്രമാണ് പങ്കെടുത്തത്. ചിത്തരേഷിന്റെ വീട്ടില്വച്ചു തന്നെയായിരുന്നു സല്ക്കാരം.
1967-ല് അര്ണോള്ഡ് ഷ്വാസ്നെഗര് സ്വന്തമാക്കിയ മിസ്റ്റര് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ് നടേശന്. 90 കിലോഗ്രാം വിഭാഗത്തില് മിസ്റ്റര് വേള്ഡ് പട്ടം നേടി തുടര്ന്നു നടന്ന മത്സരത്തില് 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒന്പതു ലോക ചാംപ്യന്മാരെ പരാജയപ്പെടുത്തിയാണു മിസ്റ്റര് യൂണിവേഴ്സ് പട്ടം നേടിയത്.
ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത് പരാധീനതകളോടു പടവെട്ടിയാണ്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടില്നിന്നു മിസ്റ്റര് യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു.നേട്ടത്തിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര് ഉള്പ്പെടെയുള്ളവരുടെ അഭിനന്ദനം ചിത്തരേഷിനെ തേടിയെത്തി.
മുന്പു നടന്ന പല ചാംപ്യന്ഷിപ്പുകളിലും ഡല്ഹിയെ പ്രതിനിധീകരിച്ചാണ് ഡല്ഹിയില് ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മത്സരിച്ചിരുന്നത്. എന്നാല് കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന് ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തില്ത്തന്നെ 'മിസ്റ്റര് യൂണിവേഴ്സ്' എന്ന സ്വപ്ന നേട്ടം ചിത്തരേഷിനെ തേടിയെത്തി.
https://www.facebook.com/Malayalivartha

























