ഇലക്ട്രിക് ബസ് നിര്മിക്കുന്ന ഇ- മൊബിലിറ്റി പദ്ധതിക്കു കരാര് നല്കിയതില് ഗുരുതര അഴിമതിയെന്നു പ്രതിപക്ഷ നേതാവ്

മന്ത്രിസഭ അറിയാതെയും ടെന്ഡര് ഇല്ലാതെയും നടപടിക്രമങ്ങള് പാലിക്കാതെയുമാണ് 4,500 കോടി രൂപ മുടക്കി 3,000 ഇലക്ട്രിക് ബസ് നിര്മിക്കുന്ന ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്സല്റ്റന്സിക്കും വിശദ പദ്ധതി റിപ്പോര്ട്ട് തയാറാക്കലിനും പ്രൈസ് വാട്ടര്ഹൗസ് കൂപ്പേഴ്സ് കമ്പനിക്കു കരാര് നല്കിയതെന്നും അതില് ഗുരുതര അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സത്യം കുംഭകോണം, വിജയ് മല്യ കേസ്, നോക്കിയ നികുതി വെട്ടിപ്പ് ഉള്പ്പെടെ ഇന്ത്യയില് 9 കേസുകള് നേരിടുന്നുണ്ട് ലണ്ടന് ആസ്ഥാനമായുള്ള ഈ കമ്പനി. രണ്ടു വര്ഷത്തേക്ക് 'സെബി'യുടെ (സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ) വിലക്കുമുണ്ട്. ഇതു നിലനില്ക്കെയാണ്, 2019 ഓഗസ്റ്റ് 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗം കമ്പനിക്കു കണ്സല്റ്റന്സി നല്കാന് തീരുമാനിച്ചത്. നവംബര് 7-ന് ഗതാഗത പ്രിന്സിപ്പല് സെക്രട്ടറി ഉത്തരവിറക്കി. ഇതിനു പ്രിന്സിപ്പല് സെക്രട്ടറിക്ക് അധികാരമില്ല.
ഇതേ കമ്പനിക്കാണ് കൊച്ചി -പാലക്കാട് വ്യവസായ ഇടനാഴി, കെ ഫോണ് പദ്ധതികള്ക്കും കണ്സല്റ്റന്സി നല്കിയത്. മുഖ്യമന്ത്രിക്ക് ഈ കമ്പനിയോടുള്ള താല്പര്യവും ബന്ധവും എന്താണ് ? തന്റെ അറിവോടെയാണോ ഈ കരാറെന്നു ഗതാഗത മന്ത്രി വ്യക്തമാക്കണം. കരാര് റദ്ദാക്കി നിയമനടപടി സ്വീകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
കമ്പനിക്കു കണ്സല്റ്റന്സി കരാര് നല്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു മന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമായ മറുപടി നല്കിയില്ല. കണ്സല്റ്റന്സിക്ക് ഏതെങ്കിലും കമ്പനിയുമായി കരാറിലെത്തിയോ എന്നു സംശയമാണെന്നു മന്ത്രി പറഞ്ഞു. മന്ത്രിസഭയില് തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ഓര്മ. ആരോപണങ്ങള്ക്ക് ഫയല് പരിശോധിച്ച് മറുപടി പറയാം. ഒരു കമ്പനിയുമായും താന് ചര്ച്ച നടത്തിയിട്ടില്ല. ആര്ക്കെങ്കിലും കരാര് കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.
സ്വിറ്റ്സര്ലന്ഡിലും പോര്ച്ചുഗലിലും ഇ-ബസ് നിര്മിക്കുന്ന ഇ ബസ് കിറ്റ് മാനുഫാക്ചര് ഹെസ് ആന്ഡ് കെയ്റ്റനോ എന്ന സ്വിസ് കമ്പനി കേരളത്തില് ഇ ബസ് നിര്മിക്കാന് താല്പര്യപ്പെട്ടിരുന്നു. ഇങ്ങനെ ഇ ബസ് നിര്മിച്ചാലുള്ള ഗുണം, ജോലിസാധ്യത, കേരളത്തിന്റെ വികസന സാധ്യത തുടങ്ങിയവയാണു പ്രൈസ് വാട്ടര് ഹൗസ് കൂപ്പേഴ്സ് കമ്പനി പഠിക്കേണ്ടത്.
സംസ്ഥാനത്ത് 3000 ഇലക്ട്രിക് ബസ് നിര്മാണം ഉള്പ്പെടെ വരുന്ന ഇ മൊബിലിറ്റി പദ്ധതിയുടെ കണ്സല്റ്റന്സിക്കും വിശദ പദ്ധതി റിപ്പോര്ട്ട് (ഡിപിആര്) തയാറാക്കുന്നതിനും പ്രൈസ് വാട്ടര്ഹൗസ് കൂപ്പേഴ്സ് കമ്പനിക്കു സര്ക്കാര് നല്കേണ്ടി വരിക 80 ലക്ഷം രൂപ. 2019 നവംബര് 7 നാണ് ഈ കമ്പനിക്കു കരാര് നല്കാന് തീരുമാനിച്ച് ഉത്തരവിറക്കിയത്. ധാരണാപത്രം ഒപ്പിട്ടിട്ടില്ല.
ഇ ബസ് പോലെ ഇ-മൊബിലിറ്റി പദ്ധതിയില് വേറെയും പദ്ധതികള് ഒരുങ്ങുന്നുണ്ട്. ഇതിനെല്ലാം കണ്സല്റ്റന്സിയായാണു പ്രൈസ് വാട്ടര് ഹൗസ് കൂപ്പേഴ്സ് വരിക. കേരള ഓട്ടമൊബീല്സുമായി (കെഎഎല്)മായി ചേര്ന്നു സംയുക്ത സംരംഭമെന്ന പദ്ധതിയാണു സ്വിസ് കമ്പനി മുന്നോട്ടു വച്ചത്. 74% ഓഹരി കമ്പനിക്കായിരിക്കും.
കെഎസ്ആര്ടിസി ആദ്യഘട്ടത്തില് 3000 ബസുകള് വാങ്ങാനും 5 വര്ഷത്തിനകം പൂര്ണമായി ഇ-ബസിലേക്കു മാറാനുമായിരുന്നു പ്രാഥമിക ആലോചന. അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില് 412 ബസുകളാണ് ഈ വര്ഷം കെഎസ്ആര്ടിസിയില് കാലാവധി തീരുന്നത്. പക്ഷേ, ഒരു ഇ- ബസ് വാങ്ങാന് 2.5 കോടി രൂപ എന്ന നിരക്കില് കെഎസ്ആര്ടിസി കണ്ടെത്തണം.
ഇ-ബസ് വാടകയ്ക്കെടുത്തപ്പോള് കിലോമീറ്ററിന് 75 രൂപ വരെയാണു കെഎസ്ആര്ടിസിക്കു ചെലവായത്. ഇതില് 49 രൂപ വാടകയാണ്. എന്നാല് ബസ് വാങ്ങിയാല് ഈ തുക ലാഭിക്കാം. അപ്പോള് കിലോമീറ്ററിന് സര്വീസ് ചെലവ് 30 രൂപയില് നില്ക്കും. സാധാരണ ബസിന് 26 രൂപ വരെ സര്വീസ് ചെലവുണ്ട്.
https://www.facebook.com/Malayalivartha

























