പോലീസ് ഡ്രൈവര്ക്ക് പ്രശംസാപത്രവും പാരിതോഷികവും, നിയന്ത്രണംവിട്ട് ഓടിക്കൊണ്ടിരുന്ന ലോറിയില് ചാടിക്കയറി അപകടമൊഴിവാക്കി

ആലത്തൂര് സ്വാതി ജങ്ഷനില് സംഭവിക്കാമായിരുന്ന വന് ദുരന്തം സമയോചിത ഇടപെടലിലൂടെ ഒഴിവാക്കിയ പാലക്കാട് എ.ആര്. ക്യാമ്പിലെ സീനിയര് സിവില് ഓഫീസര് ആര്. വിനോദിനു സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാപത്രവും 3000 രൂപ പാരിതോഷികവും ലഭിച്ചു.
ഇക്കഴിഞ്ഞ 26-നു രാവിലെ ബംഗളൂരുവില്നിന്നു തൃശൂരിലേക്കു പോയ കണ്ടെയ്നര് ലോറിയിലെ യു.പി. സ്വദേശിയായ ഡ്രൈവര് സന്തോഷ് റായി സ്വാതി ജങ്ഷനിലെ സിഗ്നലിനു സമീപം ലോറിയില് കുഴഞ്ഞുവീണു. ഇതോടെ ലോറി നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മുന്നോട്ടുപോയി. ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ആലത്തൂര് സ്റ്റേഷനിലെ ഹോംഗാര്ഡ് ടി.പി.മോഹന്ദാസ് ഓടിമാറിയതിനാല് അപകടത്തില്നിന്നു രക്ഷപ്പെട്ടു.
ആ സമയത്ത് ബൈക്കില് സിഗ്നല് കാത്തുനില്ക്കുകയായിരുന്നു പാലക്കാട് എ.ആര്. ക്യാമ്പിലെ സീനിയര് സിവില് ഓഫീസര് ആര്. വിനോദ്. ഇതു കണ്ട വിനോദ് ലോറിയില് ചാടിക്കയറി കൈകൊണ്ടു ബ്രേക്ക് അമര്ത്തിയാണ് ലോറി നിര്ത്തിയത്. ഹൈവേ പോലീസ് ഡ്രൈവര്കൂടിയാണ് വിനോദ്.
വിവരം വാര്ത്തയായതോടെ വിനോദിന് അഭിനന്ദനപ്രവാഹമായി. അതോടെ പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും ഇക്കാര്യം ഉള്പ്പെടുത്തി. 19,000 ല് പരം പേര് ഇതു ലൈക്ക് ചെയ്തു. 1500-ല്പരം പേര് അഭിനന്ദിച്ചു. 1500 പേര് ഷെയര് ചെയ്തു. ആലത്തൂരുകാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും ഫെയ്സ് ബുക്കുകളിലും വിനോദിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളായിരുന്നു കഴിഞ്ഞ ദിവസം നിറഞ്ഞുനിന്നത്.
താന് ചെയ്ത കാര്യം വലിയൊരു സംഭവമായി ആ സമയത്തു തോന്നിയില്ലെന്ന് വിനോദ് പറഞ്ഞു. ഡ്യൂട്ടിക്കിടെ പിന്നീട് ആലത്തൂരിലെത്തിയപ്പോള് നാട്ടുകാരുടെ ഭീതിയില്നിന്നാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























